പതനം അതിദയനീയം! ഒറ്റ അക്കത്തിലേക്ക് കൂപ്പുകുത്തി കോണ്‍ഗ്രസും ബി.എസ്.പിയും

ഒരുകാലത്ത് ഉത്തര്‍പ്രദേശിനെ അടക്കിഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പലതവണ അധികാരം വാണ മായാവതിയുടെ ബി.എസ്.പിക്കും യു.പിയുടെ മനസില്‍ വലിയൊരു ഇടമുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ യു.പി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറെക്കുറെ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്ബോള്‍ അതിദയനീയമായൊരു പതനമാണ് രണ്ട് പാര്‍ട്ടികളും നേരിടുന്നത്. ഒറ്റ അക്കത്തിലേക്കാണ് ഇരുകക്ഷികളും ചുരുങ്ങുന്നത്. ഒരുപക്ഷെ സംപൂജ്യരാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
കോട്ടയും തകര്‍ന്ന് കോണ്‍ഗ്രസ്
അവസാനറിപ്പോര്ട്ടുകള് പുറത്തുവരുമ്ബോള്‍ വെറും രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബി.എസ്.പി ഒറ്റ സീറ്റിലും. 2017ലും കോണ്‍ഗ്രസിന്റേത് ദയനീയമായ പരാജയമായിരുന്നെങ്കിലും ചെറിയ രീതിയിലെങ്കിലും തിരിച്ചുവരവിന്റെ സൂചനകളുമായായിരുന്നു പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള പ്രചാരണങ്ങള്‍. എന്നാല്‍, നില മെച്ചപ്പെടുത്താനായില്ലെന്നു മാത്രമല്ല കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൈയിലുണ്ടായിരുന്ന അഞ്ച് സീറ്റുകളും നഷ്ടപ്പെടുന്ന സൂചനയാണ് ലഭിക്കുന്നത്.
കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന കോട്ടകളും ഇളകിയിരിക്കുകയാണ്. പാര്‍ട്ടി അമരക്കാരിയായ സോണിയ ഗാന്ധിയുടെ കോട്ടയായ റായ്ബറേലിയിലും കോണ്‍ഗ്രസിന് അടിപതറി. റായ്ബറേലിയില്‍ ബി.ജെ.പിയുടെ അദിതി സിങ്ങാണ് ലീഡ് ചെയ്യുന്നത്. ഇവിടെ എസ്.പിയുടെ ആര്.പി യാദവിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസിന്റെ മനീഷ് ചൗഹാനുള്ളത്.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ വലിയ തോതില്‍ വനിതകളെ രംഗത്തിറക്കിയും സമൂഹത്തിന്രെ വിവിധ തുറകളില്‍ പീഡനങ്ങളനുഭവിക്കുന്നവരുടെ പ്രതിനിധികളെ രംഗത്തിറക്കിയുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. ഏറെക്കാലമായി യു.പിയില്‍ പാര്‍ട്ടി ചുമതലയുള്ള പ്രിയങ്ക ഗാന്ധിയുടെ അഭിമാന പോരാട്ടം കൂടിയായിരുന്നു ഇത്. എന്നാല്‍, പ്രിയങ്കയുടെ എല്ലാ വാക്കസര്‍ത്തുകളും പാടെ അപ്രസക്തമാക്കിയാണ് ഫലം പുറത്തുവരുന്നത്.
മെലിഞ്ഞൊട്ടി ‘ആന’
കോണ്‍ഗ്രസിനെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് ഗോധയിലും അത്ര പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നില്ല ബി.എസ്.പിയുടേത്. ബി.ജെ.പിയും എസ്.പിയും നേര്‍ക്കുനേരായിരുന്നു പോരാട്ടമെങ്കിലും കോണ്‍ഗ്രസിനെപ്പോലെ തിരിച്ചുവരവിന്റെ ഒരു പ്രതീക്ഷ പോലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ട് വോട്ടെടുപ്പ് വരെ ബി.എസ്.പി നേതാക്കളുടെ ശരീരഭാഷയിലുണ്ടായിരുന്നില്ല.
സ്വാഭാവികമായും തെരഞ്ഞെടുപ്പ് ഫലത്തിലും അത് തെളിഞ്ഞുകാണുന്നു. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരിച്ച ബി.എസ്.പി വെറും ഒറ്റ സീറ്റിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 19 ഇടത്ത് ജയിച്ച പാര്‍ട്ടിയാണ് ഏറെക്കുറെ സംപൂജ്യരായിരിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍നിന്നുമാത്രമല്ല പാര്‍ട്ടിക്ക് സ്വാധീനമുണ്ടായിരുന്ന ഏക സംസ്ഥാനത്തും ബി.എസ്.പി അപ്രസക്തരാകുകയാണ്.

