KSDLIVENEWS

Real news for everyone

കാസര്‍കോട് അബ്ദുള്‍ സലാം ഹാജി വധക്കേസ് : പ്രതികളുടെ ഇരട്ട ജീവപര്യന്തം ശരിവച്ചു

SHARE THIS ON

കൊച്ചി: പ്രവാസി വ്യവസായിയായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി എ.ബി. അബ്ദുള്‍ സലാം ഹാജിയെ കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളുടെ ഇരട്ട ജീവപര്യന്തം തടവും ഒാരോ ലക്ഷം രൂപ പിഴയും ശിക്ഷ ഹൈക്കോടതി ശരിവച്ചു. കാസര്‍കോട് ജില്ലാ അഡി. സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എം.ആര്‍. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

ഒന്നു മുതല്‍ ഏഴുവരെ പ്രതികളായ നീലേശ്വരം ആനച്ചാല്‍ സ്വദേശി മുഹമ്മദ് നൗഷാദ് (37), തൃശൂര്‍ കീച്ചേരി സ്വദേശി ഒ.എം. അഷ്കര്‍ (31), നീലേശ്വരം കോട്ടപ്പുറം സ്വദേശി മുഹമ്മദ് റമീസ് (28), തൃശൂര്‍ കീച്ചേരി സ്വദേശി ഒ.എം. ഷിഹാബ് (33), കണ്ണൂര്‍ എടച്ചൊവ്വ സ്വദേശി നിമിത്ത് (43), മലപ്പുറം ചങ്കരംകുളം സ്വദേശി അമീര്‍ (25), മലപ്പുറം മാന്തളം സ്വദേശി എം.കെ. ജസീര്‍ (22) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്.

2013 ആഗസ്റ്റ് അഞ്ചിന് അബ്ദുള്‍ സലാം ഹാജിയുടെ വീട്ടില്‍ മോഷണത്തിനായി അതിക്രമിച്ചു കയറിയ പ്രതികള്‍ ഇയാളെ കൊലപ്പെടുത്തിയെന്നും മകനെ മര്‍ദ്ദിച്ച്‌ അവശനാക്കിയെന്നുമായിരുന്നു കേസ്. മുഖത്ത് ടേപ്പ് ചുറ്റിവരിഞ്ഞ നിലയിലാണ് സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതികളുടെ പങ്കാളിത്തം വ്യക്തമാണെന്നും നേരിട്ടുള്ള തെളിവുകളും സാഹചര്യത്തെളിവുകളും ഇക്കാര്യം വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. പ്രതികളുടെ ഫോണ്‍ രേഖകളില്‍ നിന്ന് കൊലപാതകം ആസൂത്രിതമാണെന്ന് വ്യക്തമാകുന്നുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!