KSDLIVENEWS

Real news for everyone

വെളുക്കുവോളം കടപ്പുറത്തുകാർ കരഞ്ഞും തിരഞ്ഞും നടന്നുഅജ്മൽ കണ്ണീരോർമയായി

SHARE THIS ON

കാഞ്ഞങ്ങാട്: കടപ്പുറം ഉറങ്ങാതെ തിരഞ്ഞു. പൊട്ടിക്കരഞ്ഞും മനസ്സ് പിടഞ്ഞും പ്രാർഥിച്ചു. ഏതെങ്കിലും ഒരു തിരമാല പൊന്നുമോനെ ജീവനോടെ തിരിച്ചുതരണേയെന്ന് അവർ ഉറക്കെയുറക്കെ പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്നു. പ്രാർഥന വിഫലമായി. കഴിഞ്ഞദിവസം കടലിൽ മുങ്ങിയ 14 വയസ്സുകാരൻ അജ്മലിന്റെ മൃതദേഹം തീരത്ത് കണ്ടെത്തി. വടകരമുക്കിലെ സക്കറിയുടെയും സർബിനയുടെയും മൂന്നുമക്കളിൽ മൂത്തവൻ അജ്മൽ വ്യാഴാഴ്ചയാണ് മീനാപ്പീസിനും ബല്ലാക്കടപ്പുറത്തിനുമിടയിൽ കടലിൽ മുങ്ങിയത്.

തീരദേശ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരുമെല്ലാം ചേർന്ന് ഒരുരാത്രിമുഴുവൻ തിരഞ്ഞു. ഒഴിഞ്ഞവളപ്പ് മുതൽ അജാനൂർ കടപ്പുറം വരെ ആറു കിലോമീറ്ററോളംവരുന്ന തീരത്ത് സ്ത്രീകൾ ഉൾെപ്പടെയുള്ളവർ അജ്മലിനായി തിരഞ്ഞു.

ഓലച്ചൂട്ട് കത്തിച്ചുപിടിച്ചും ടോർച്ചടിച്ചുനോക്കിയും അവർ തീരത്തുകൂടെ കിലോമീറ്ററുകളോളം തലങ്ങും വിലങ്ങും നടന്നു. തീരദേശത്തെയും തൊട്ടടുത്ത പ്രദേശങ്ങളിലെയും ആളുകൾ ആരും ഉറങ്ങിയില്ല.

വെള്ളിയാഴ്ച രാവിലെ 6.50-ന് മത്സ്യത്തൊഴിലാളി മോഹനനാണ് മൃതദേഹം കണ്ടത്. കടലിൽ മുങ്ങിയ ഭാഗത്തുനിന്ന്‌ വടക്ക് 50 മീറ്റർ മാറിയായിരുന്നു മൃതദേഹം.

പോലീസ് ഇൻക്വിസ്റ്റ് കഴിഞ്ഞ് മൃതദേഹം ജില്ലാ ആസ്പത്രിയിലെത്തിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബല്ലാക്കടപ്പുറം ജുമാമസ്ജിദ് ഖബർ സ്ഥാനിൽ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച ആരും കടലിൽ പോയില്ല. കടപ്പുറത്തെങ്ങും അജ്മലിന്റെ വിയോഗത്തെ പറഞ്ഞ് ആളുകൾ കണ്ണീർപൊഴിക്കുകയായിരുന്നു. മുഹമ്മദ് അഫ്‌ലഹ്, ആയിഷ എന്നിവരാണ് അജ്മലിന്റെ സഹോദരങ്ങൾ.

‘ഞാൻ ഓടിയെത്തിയപ്പോഴും അവനെ കണ്ടിരുന്നു’

കാഞ്ഞങ്ങാട്: ‘‘കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഞാൻ ഓടിയെത്തിയത്. കടലിലേക്ക്‌ നോക്കിയപ്പോൾ അജ്മലിനെയും മഷൂദിനെയും കണ്ടു. രണ്ടുപേരും തിരമാലയ്ക്കിടെ മുങ്ങുന്നതാണ് കണ്ടത്. അധികം ദൂരമൊന്നുമുണ്ടായിരുന്നില്ല. ഉടുത്ത മുണ്ട് അഴിച്ച് കടലിലേക്കിട്ടുകൊടുത്തു. അപ്പോഴേക്കും വലിയ തിരമാല ഉയർന്ന്‌ താഴ്ന്നു. പിന്നെ അവനെ കണ്ടില്ല.

മഷൂദിനെ പിടിച്ച് കരയിലെത്തിച്ചു….’’ ബല്ലാക്കടപ്പുറത്തുണ്ടായ വ്യാഴാഴ്ച വൈകീട്ടത്തെ സംഭവത്തെക്കുറിച്ച് പറയുമ്പോൾ ഇബ്രാഹിമിന് നെഞ്ചിടിപ്പ്. ‘‘വൈകീട്ട് 5.50-നാണ് കുട്ടികൾ കുറച്ചുപേർ ഫുട്‌ബോളുമായി കടപ്പുറത്തെത്തിയത്. ഈസമയം ഞാനും സുഹൃത്തുക്കളും കടപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

പത്തുമിനുട്ട് കഴിഞ്ഞപ്പോൾ കുട്ടികളുടെ കരച്ചിൽ. ഓടിയെത്തിയപ്പോൾ മൂന്ന്‌ കുട്ടികൾ തീരത്തുനിന്ന്‌ ഉറക്കെ കരയുന്നു. മഷൂദും അജ്മലും കടലിലും… അവനെ രക്ഷിക്കാനായില്ലല്ലോ. വടകരമുക്കിലാണ് തന്റെയും വീട്. വീട്ടിൽ അന്നുരാവിലെ വന്ന് വളർത്തുമുയലിനെ കളിപ്പിച്ച് തിരിച്ചുപോയതാണ്. അവന്റെ കുസൃതിനിറഞ്ഞ മുഖമാണ് മനസ്സുനിറയെ….’’ ഇബ്രാഹിമിന് സങ്കടം സഹിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!