ലീഗ് തള്ളിയിട്ടും വിടാതെ CPM: വരുമെന്ന് പ്രതീക്ഷയുണ്ട്,അതാഗ്രഹിക്കുന്നവര്‍ അവര്‍ക്കൊപ്പമുണ്ട്- EP

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരേ സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം മുസ്ലിംലീഗ് തള്ളിയിട്ടും വിടാതെ ഇടത് നേതാക്കള്‍. ലീഗ് വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍ പറഞ്ഞു. ലീഗുള്‍പ്പെടെയുള്ളവരെ വീണ്ടും ക്ഷണിക്കുമെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞിരുന്നു. മുസ്ലിം ലീഗിന്റെ ശക്തിയെ പുകഴ്ത്തി പറഞ്ഞുക്കൊണ്ടായിരുന്നു ഇന്ന് ഇ.പി.ജയരാജന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത്. ലോക കേരളസഭയിലും പ്രളയദുരിതാശ്വാസത്തിലുമടക്കം മുസ്ലിംലീഗ് ഇടതുപക്ഷ സര്‍ക്കാരുമായി സഹകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസെടുക്കുന്ന പോലെ പൂര്‍ണ്ണ നിഷേധാത്മക സമീപനമല്ല ലീഗിനുള്ളത്. മുസ്ലിംലീഗിന്റെ പിന്തുണയില്ലെങ്കില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാനാകില്ല. അത് ഇനിയും ദുര്‍ബലമാകുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. മുസ്ലിംലീഗിനെ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജയരാജന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഞങ്ങള്‍ക്ക് എല്ലാ കാര്യത്തിലും പ്രതീക്ഷയാണുള്ളത്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടെ നിലപാട് സ്വീകരിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ കേരളത്തില്‍ യുഡിഎഫിന്റെ നില പരുങ്ങലിലാണ്. മുസ്ലിംലീഗ് യുഡിഎഫ് വിട്ടുപോയാല്‍ പിന്നെ യുഡിഎഫില്ല. അതുകൊണ്ട് കോണ്‍ഗ്രസ് വല്ലാത്ത പ്രയാസത്തിലാണ്. മുസ്ലിംലീഗില്‍ തന്നെ കോണ്‍ഗ്രസിന്റെ പിന്നാലെ പോകാതെ ശരിയായ നിലപാട് സ്വീകരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ട്. അവരൊക്കെ ഈ സെമിനാറിലടക്കം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ജയരാജന്‍ പറഞ്ഞു. എല്ലാവരേയും ചേര്‍ത്ത് പിടിച്ചുകൊണ്ട് ഏക സിവില്‍കോഡെന്ന വര്‍ഗീയ അജണ്ടയെ ചെറുത്ത് തോല്‍പ്പിക്കാനാണ് സിപിഎം ആഗ്രഹിച്ചതെന്നും ജയരാജന്‍ വ്യക്തമാക്കി ‘കേരള സമൂഹം ഒരുമിച്ച് നിന്നാല്‍ ഏക സിവില്‍കോഡെന്ന ആര്‍എസ്എസ് അജണ്ടയ്ക്ക് അതൊരു കുടത്ത താക്കീതായിരിക്കും. അതിന്റെ ഭാഗമായി സിപിഎം കോഴിക്കോട്ട് നടത്തുന്ന സെമിനാറില്‍ എല്ലാവരും ഉണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അതിലേക്ക് ഇന്ത്യ മതരാഷ്ട്രമാക്കണമെന്ന് പറയുന്ന ആര്‍എസ്എസിനേയും ജമാഅത്തെ ഇസ്ലാമിയേയും ക്ഷണിക്കാന്‍ പറ്റുമോ. മൃദുഹിന്ദുത്വം ഉപേക്ഷിക്കുകയും ആര്‍എസ്എസ് അജണ്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിനേയും ഞങ്ങള്‍ ക്ഷണിക്കും’ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഏക സിവില്‍കോഡ് വേണമെന്ന് ഇ.എം.എസ്. അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായിട്ട് അദ്ദേഹം പറഞ്ഞതിനെ വ്യാഖ്യാനിക്കുകയാണ്. ഒരു കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി ഏതെല്ലാം രേഖകളാണ് കൊണ്ടുവരുന്നത്. ഇ.എം.എസ് ആണ് ഇക്കാര്യം വസ്തുനിഷ്ടമായി പറഞ്ഞിട്ടുള്ളത്. ഓരോ മത വിഭാഗത്തിലും തെറ്റായ ജീര്‍ണതകള്‍ ഉണ്ടെങ്കില്‍ ആ മതത്തില്‍ ഉള്ളവര്‍ തന്നെയാണ് അത് തിരുത്തേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഏക സിവില്‍കോഡിനെതിരായ സിപിഎമ്മിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ ലീഗിനെ സഹകരിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അവര്‍ നടത്തുന്ന പരിപാടികളിലേക്ക് ക്ഷണിച്ചാല്‍ പോകുമെന്നും പറഞ്ഞിരുന്നു.

