KSDLIVENEWS

Real news for everyone

ഉത്തരേന്ത്യയിലെ മഴ: ഹിമാചലില്‍ സ്ഥിതിരൂക്ഷം; ജനങ്ങള്‍ 24മണിക്കൂര്‍ വീട്ടിലിരിക്കണമെന്ന് മുഖ്യമന്ത്രി

SHARE THIS ON

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നു. ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാണ, ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലാണ് അതിശക്തമായ മഴ. മിന്നൽ പ്രളയത്തിന്റേയും മണ്ണിടിച്ചിലിന്റേയും നിരവധി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിമാചലിലെ ജനങ്ങളോട് അടുത്ത 24 മണിക്കൂർ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി, 1100, 1070, 1077 എന്നീ ഹെൽപ്ലൈൻ നമ്പറും സംസ്ഥാനത്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. വരും മണിക്കൂറിൽ ശക്തമായ മഴയാണ് ഹിമാചലിൽ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച റെക്കോർഡ് മഴയായിരുന്നു ഹിമാചലിൽ രേഖപ്പെടുത്തിയത്. മഴക്കെടുതിയിൽ 14 മരണങ്ങളുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിൽ 10 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മിന്നൽ പ്രളയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ‘ഇന്ത്യയിലെ വിവിധയിടങ്ങളിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാദേശിക ഭരണകൂടം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്. സംഘം മഴക്കെടുതി നേരിട്ട പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്’- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഉത്തരേന്ത്യയിലെ മിന്നൽ പ്രളയസാഹചര്യത്തിൽ ദേശീയപാതകൾ ഉൾപ്പെടെയുള്ളവ പലയിടത്തും അടച്ചിട്ടു. 17 തീവണ്ടികൾ റദ്ദാക്കുകയും 12 തീവണ്ടികൾ വഴിതിരിച്ചുവിടുകയും ചെയ്തു. ജമ്മുകശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ കനത്ത മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മുവിലെ പൂഞ്ച് ജില്ലയിൽ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശനിയാഴ്ച സുരൻകോട്ട് പ്രദേശത്തെ ദോഗ്രനല്ലയിലാണ് കരസേനാ ഉദ്യോഗസ്ഥർ ശക്തമായ ഒഴുക്കിൽപ്പെട്ടത്. ദോഡ ജില്ലയിൽ ബസിൽ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഞായറാഴ്ച ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഗംഗയിലേക്കുവീണ് മൂന്നുപേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. മഞ്ഞുവീഴ്ചയും കനത്തമഴയും രൂക്ഷമായ സാഹചര്യത്തിൽ ലഡാക്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിൽ ഞായറാഴ്ച ഹിമാചൽപ്രദേശിൽ അഞ്ചുപേർ മരിച്ചു. മണാലിയിലും ഷിംലയിലും കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഷിംലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മണ്ണിടിച്ചിലിൽ മരിച്ചു. പഞ്ചാബിലും ഹരിയാണയിലും കനത്തമഴ തുടരുകയാണ്. ഉത്തർപ്രദേശിൽ കൗശാംബിയിൽ മരക്കൊമ്പ് വീണ് 10 വയസ്സുകാരി മരിച്ചു. ശനിയാഴ്ച ബല്ലിയയിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!