പേവിഷവാക്സിന് ഗുണനിലവാരമുള്ളത്, മരിച്ചവരില്‍ 15 പേർ കുത്തിവെപ്പെടുക്കാത്തവർ- വിദഗ്ധസമിതി റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തില്‍ പേവിഷബാധ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് അന്തിമ റിപ്പോര്‍ട്ട് കൈമാറി. 2022 ജനുവരി മുതല്‍ സെപ്തംബര്‍ വരെ പേവിഷബാധ മൂലം നടന്നിട്ടുള്ള 21 മരണങ്ങളെക്കുറിച്ച് സമിതി വിശദമായ അവലോകനം നടത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മരണമടഞ്ഞ 21 വ്യക്തികളില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണെന്ന് റിപ്പോർട്ട് പറയുന്നു. 6 വ്യക്തികള്‍ക്ക് വാക്സിന്, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്പോളകള്, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
വാക്സിന്, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്സിന് എടുത്ത വ്യക്തികളില്‍ പ്രതിരോധശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

