KSDLIVENEWS

Real news for everyone

പൊയ്നാച്ചി ടൗണിൽ ഓവുചാൽ ഇല്ലാതെ നടപ്പാത നിർമ്മാണം ; നാളെ വീണ്ടും പൊളിക്കേണ്ടി വരുമെന്ന് വിമർശനം

SHARE THIS ON

പൊയിനാച്ചി: നാളെ കോരിയെടുക്കേണ്ടിവരും എന്നറിഞ്ഞുകൊണ്ടുതന്നെ ഒരു മുഖംമിനുക്കൽ നടക്കുകയാണ് ഇപ്പോൾ പൊയിനാച്ചി ടൗണിൽ. ചിരകാല സ്വപ്നമായിരുന്ന പൊയിനാച്ചി-ബന്തടുക്ക-മാണിമൂല (തെക്കിൽ-ആലട്ടി) റോഡ് കിഫ്ബി പദ്ധതിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് റോഡ് തുടങ്ങുന്ന ടൗണിന്റെ മുഖംമിനുക്കുന്നത്. പക്ഷേ, വരാനിരിക്കുന്ന ദേശീയപാതാവികസനം ഈ നിർമാണപ്രവൃത്തികൾക്ക് അൽപ്പായുസ്സ് മാത്രമേ നൽകൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പൊയിനാച്ചി ടൗണിൽ ദേശീയപാത മുതൽ ബന്തടുക്ക റോഡിന്റെ 150 മീറ്റർ നീളത്തിലും ഒന്നരമീറ്റർ വീതിയിലും ഇരുവശവും ഇൻറർലോക്ക് കട്ടകൾ പാകി നടപ്പാതതീർക്കാനാണ് പദ്ധതി. ഇതിനായി കട്ടകൾ ഇറക്കിക്കഴിഞ്ഞു. കഴിഞ്ഞ മാസമാണ് ഈഭാഗത്ത് ബന്തടുക്ക റോഡ് നവീകരണത്തിന്റെ അവസാനഘട്ട പ്രവൃത്തിയായ ഡെൻസ് ബിറ്റുമിൻ മെക്കാഡം നടന്നത്. അതിനുശേഷം റോഡരികുകൾ മണ്ണിട്ട് നികത്തി. സൂചനാ ബോർഡുകളും ട്രാഫിക്ക് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചുകഴിഞ്ഞു. സ്റ്റഡും ലൈനും റോഡിൽ പതിക്കാനുള്ള പ്രവൃത്തി നടക്കുകയാണ്.
ഇതിനിടയിലാണ് നടപ്പാത നിർമാണത്തിന് കോപ്പുകൂട്ടിയിരിക്കുന്നത്. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന് പൊയിനാച്ചി ടൗണിൽ കിഴക്ക് ഭാഗത്തേക്കാണ് 44 മീറ്ററോളം സ്ഥലം ഏറ്റടുത്തിരിക്കുന്നത്. സെഞ്ച്വറി ആസ്പത്രിയുടെ പഴയ നാലുനില കെട്ടിടം മുതൽ ടൗണിൽ കിഴക്കുഭാഗത്ത് ദേശീയപാതയ്ക്ക് അഭിമുഖമായുള്ള എല്ലാ കെട്ടിടങ്ങളും പൊളിക്കേണ്ടവയിൽപ്പെടുന്നു. ടൗണിൽ ബന്തടുക്ക റോഡിന്റെ 40 മീറ്റർ ഭാഗമാണ് പുതിയ ആറുവരിപാതയുടെ ഭാഗമാകുന്നത്. അപ്പോൾ ഇപ്പോഴത്തെ നടപ്പാത ഈ 40 മീറ്റർ വിട്ട് 150 മീറ്റർ കിഴക്കോട്ട് നിർമിച്ചാൽ പോരേയെന്നാണ് നാട്ടുകാരുടെ ചോദ്യം. കെട്ടിടങ്ങളടക്കം പൊളിക്കേണ്ടിവരുമ്പോൾ നടപ്പാത പിന്നീട് നിലനിൽക്കുമോയെന്ന ആശങ്ക വ്യാപാരികളും പങ്കിടുന്നു. ടൗണിൽ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചപ്പോൾ ദേശീയപാതാവികസനം മുന്നിൽക്കണ്ട് പടിഞ്ഞാറ് ഭാഗത്തേക്ക് അത് മാറ്റിയിരുന്നു.ആദ്യത്തെ കലുങ്ക് കാണാനില്ല
:പൊയിനാച്ചി ടൗണിന്‍റെ 250 മീറ്റർ കിഴക്ക് ആശ്രയഭവന് മുൻപിലുള്ള കലുങ്ക്‌ മൂടിയാണ് റോഡ് നിർമാണം നടന്നിരുന്നത്.
പൊയിനാച്ചി ടൗണിൽനിന്ന് തുടങ്ങുന്ന റോഡിലെ ആദ്യകലുങ്കാണിത്.മഴക്കാലത്ത് വെള്ളം ഇവിടെ വളരെ ദൂരം കെട്ടി കിടന്ന് വാഹനങ്ങൾക്കും നാട്ടുകാർക്കും ദുരിതമുണ്ടാക്കുന്നു.
നാട്ടുകാർ തുടക്കത്തിൽ തന്നെ പ്രശ്നം ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും എസ്റ്റിമേറ്റിൽ ഇല്ലെന്ന് പറഞ്ഞ് കരാറുകാരൻ മാറി നിൽക്കുകയായിരുന്നു. പകരം കോൺക്രീറ്റ് ഓവുചാലും ഒരുക്കിയില്ല.

മഴവെള്ളം എവിടെയൊഴുകും
:ഓവുചാൽ ഇല്ലാതെയാണ് പൊയിനാച്ചിടൗണിൽ ബന്തടുക്ക റോഡ് നവീകരിച്ചത്. വെള്ളം ഒഴുകിയിരുന്ന ഭാഗം കൂടി റോഡായിമാറുകയായിരുന്നു. നടപ്പാതക്കും വാഹന പാർക്കിങ്ങിനും ഇപ്പോൾ ടൗണിൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്. വാഹനങ്ങൾ റോഡിൽ തന്നെ നിർത്തിയിടുന്നത് പതിവായി.
ടൗണിന്‍റെ കിഴക്കുഭാഗത്തുനിന്ന് മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചാണ് ദേശീയ പാതയിലേക്ക് എത്തുന്നത്. ഇനിയിത് റോഡിൽ കൂടി തന്നെ ഒഴുകേണ്ടിവരും. ദേശീയപാത വികസിപ്പിക്കുമ്പോൾ ടൗണിൽ ഓവുചാൽ വരുമെങ്കിലും ബന്തടുക്ക റോഡിൽ നിന്നുള്ള മഴവെള്ളം ഇതിലേക്ക് എത്തിച്ചേരാൻ സംവിധാനം ഇല്ലാത്തത് പോരായ്മയാകും.
71.65 കോടി രൂപ ചെലവിൽ നവീകരിക്കുന്ന ബന്തടുക്ക റോഡ് പൊയിനാച്ചിയുടെ മുഖച്ഛായ മാറ്റേണ്ടതാണെങ്കിലും ദേശീയപാത നിർമാണത്തിന് വേണ്ടി പൊളിച്ചെടുക്കേണ്ടി വരുമ്പോൾ മറ്റൊരുമുഖമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!