KSDLIVENEWS

Real news for everyone

കാര്യങ്ങൾ കൈവിട്ടുപോകുന്നു; എത്രയും പെട്ടെന്ന് യുക്രെയ്ൻ വിടണം: ബൈഡൻ

SHARE THIS ON

വാഷിങ്ടൻ∙ യുഎസ് പൗരൻമാർ എത്രയും വേഗം യുക്രെയ്ൻ വിടണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം. ‘‘ലോകത്തിലെ വലിയ സൈന്യങ്ങളിൽ ഒന്നുമായാണ് നമ്മൾ ഇടപെടുന്നത്. ഏറെ വ്യത്യസ്തമായ സാഹചര്യമാണിത്. ഏതുനിമിഷവും കാര്യങ്ങൾ മാറിമറിയാം.’’ – എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. അഫ്ഗാനിസ്ഥാനിലും സമാനമായ സ്ഥിതി വിശേഷമുണ്ടായപ്പോൾ എത്രയും വേഗം രാജ്യം വിടണമെന്ന് പൗരന്മാരോട് ബൈഡൻ നിർദേശിച്ചിരുന്നു.

ഇതിനിടെ ബെലാറൂസുമായി ചേര്‍ന്ന് റഷ്യ യുക്രെയ്ൻ അതിർത്തിയിൽ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1,000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ്– റഷ്യന്‍ സംയുക്ത സൈനികാഭ്യാസം. പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ ബെലാറൂസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബെലാറൂസ് യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. കരിങ്കടലില്‍ യുക്രെയ്ന്റെ തെക്കന്‍ തീരത്ത് റഷ്യന്‍ നാവികസേനയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഏതുനിമിഷവും യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശമുണ്ടാകാമെന്നാണ് യുഎസ് മുന്നറിയിപ്പ് നല്‍കുന്നത്. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിൽ തമ്പടിച്ചു.

അതിനിടെ റഷ്യയിലെത്തിയ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല. റഷ്യയുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ട്രസ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേര്‍ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്റോവ് വിശേഷിപ്പിച്ചത്. പ്രശ്നം പരിഹരിക്കാന്‍ റഷ്യ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്രെയ്ൻ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസും ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നാറ്റോ സഖ്യരാജ്യങ്ങളുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച ആരംഭിച്ചു. ബ്രസല്‍സിലും പോളണ്ടിലും സന്ദര്‍ശനം നടത്തി. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിനെയും സന്ദര്‍ശിച്ചു. റഷ്യ, യുക്രെയ്നില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!