മണ്ണോട് ചേർന്ന് ഭാര്യയും 6 മക്കളും, നോവായി നാസർ; ഭൂകമ്പത്തിൽ മരണം 22,000 കടന്നു

“ഡമാസ്കസ് ∙ വർഷങ്ങൾ നീണ്ട യുദ്ധം, ബോംബാക്രമണം, വ്യോമാക്രമണം… ഇവയിൽനിന്നെല്ലാം നാസർ–അൽ–വക്ക തന്റെ കുടുംബത്തെ സുരക്ഷിതമാക്കി. എന്നാൽ തിങ്കളാഴ്ച സിറിയയിലെ ജന്ധാരസിലെ വീടിനു മുകളിൽ പതിച്ച ദുരന്തത്തിൽനിന്ന് അവരെ രക്ഷിക്കാൻ വക്കയ്ക്കായില്ല. ‘‘ഒരു കുട്ടിയെ എങ്കിലും തിരിച്ചു നൽകണേ’’– ഭൂകമ്പം ഇല്ലാതാക്കിയ വീട്ടിൽനിന്ന് ഇങ്ങനെ അലറി വിളിച്ചാണ് ഇറങ്ങി ഓടിയതെന്ന് ദുരന്തദിനം ഓർത്തെടുത്ത് വക്ക പറഞ്ഞു. ഭൂകമ്പം തകർത്ത വീട്ടിൽനിന്ന്, പൊടിമൂടിയ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽനിന്ന് അന്നു പുലർച്ചെ രക്ഷാപ്രവർത്തകർ വക്കയുടെ രണ്ടു കുട്ടികളെ ജീവനോടെ പുറത്തെടുത്തു. മറ്റൊരു കുട്ടിയും രക്ഷപ്പെട്ടു. ഈ ആശ്വാസവാർത്തയ്ക്കു പിന്നാലെ ഒന്നിനു പിറകേ ഒന്നായി ഏഴു ദുരന്തവാർത്തകൾ വക്കയെ തേടിയെത്തി. ജീവനറ്റ ഭാര്യയുടെയും ആറു മക്കളുടെയും മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് കണ്ടെത്തുകയായിരുന്നു. മൂന്നുവീതം ആൺകുഞ്ഞുങ്ങളും പെൺകുഞ്ഞുങ്ങളും ആ വീടിനൊപ്പം ഇല്ലാതായി. സിറിയയിലും തുർക്കിയിലും ഇത്തരത്തിലുള്ള ദുരന്തക്കാഴ്ചകൾ ആവർത്തിക്കുകയാണ്. ദുരന്തമുണ്ടായി 5 ദിവസമാകുമോഴും ഉറ്റവരെ കാത്ത് പ്രതീക്ഷയോടെ, തകർന്നുവീണ കെട്ടിടങ്ങൾക്കു മുന്നിൽ നിൽക്കുകയാണ് പലരും. രക്ഷാപ്രവർത്തകരാകട്ടെ പ്രതീക്ഷയുടെ ഞെരക്കമോ മൂളലോ കേൾക്കുമെന്ന് കാതോർത്ത് തിരച്ചിൽ തുടരുകയാണ്. തുർക്കിയിലും സിറിയയിലുമായി ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 22,000 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ദുരന്തബാധിത മേഖലകളിലേക്ക് ഇന്ത്യ സഹായം എത്തിക്കുന്നത് തുടരുകയാണ്. മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും മറ്റും ദുരന്തബാധിത മേഖലകളിലേക്ക് കയറ്റിവിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.”

