‘കേരളത്തിലെ ശത്രുക്കള്‍, ത്രിപുരയില്‍ മിത്രങ്ങള്‍’; ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ വീണ്ടും മോദി

അഗര്‍ത്തല: ത്രിപുരയിലെ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയില്‍ മിത്രങ്ങള്‍ മറ്റൊരു സംസ്ഥാനമായ കേരളത്തില്‍ ശത്രുക്കളാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ഇടത് സര്‍ക്കാരുകള്‍ ത്രിപുരയെ കൊള്ളയടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാധാകിഷോര്‍പുരിലെ പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി. പഴയ ദുര്‍ഭരണക്കാര്‍ ഇപ്പോള്‍ ഒന്നിച്ചിരിക്കുകയാണെന്ന് അംബസ്സയിലെ റാലിയിലും ഇടത്-കോണ്‍ഗ്രസ് സഖ്യത്തെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു. സംസ്ഥാനത്തെ പാവപ്പെട്ടവരുടേയും ഗോത്രവിഭാഗത്തിന്റേയും യുവാക്കളുടേയും സ്ത്രീകളുടേയും ജീവിതം ഇടത് സര്‍ക്കാരുകള്‍ ദുരിത പൂര്‍ണ്ണമാക്കി. അവരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. യുവാക്കള്‍ക്ക് സംസ്ഥാനം വിട്ട് പുറത്തുപോകേണ്ടിവന്നു. കോണ്‍ഗ്രസും സി.പി.എമ്മും പാവങ്ങളെ അതിദരിദ്രരാക്കി. അവര്‍ പാവങ്ങള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കും, എന്നാല്‍, അവരുടെ വേദനകാണില്ല. തന്റെ റാലിയിലെ ജനപങ്കാളിത്തം ബി.ജെ.പി. സര്‍ക്കാര്‍ ഭരണത്തില്‍ തിരികെയെത്തുന്നതിന്റെ സൂചനയാണെന്ന് പറഞ്ഞ മോദി, ഇത് ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്നും പറഞ്ഞു. ഇടത് ഭരണ കാലത്ത് ആളുകള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും ലഭിക്കാന്‍ പോലും പ്രയാസമായിരുന്നു. നേരത്തെ ഡല്‍ഹിയും ത്രിപുരയും ഭരിച്ചിരുന്നവര്‍ ഈ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നില്ല. ത്രിപുരയെ കൊള്ളയടിച്ച് പോരായ്മകളുടെ നടുവില്‍ ജനങ്ങളെ ജീവിക്കാന്‍ നിര്‍ബന്ധിതരാക്കിയവര്‍ ഇപ്പോള്‍ ഒന്നിച്ചുവന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

