KSDLIVENEWS

Real news for everyone

നീലേശ്വരം നഗരസഭ സ്ഥിരസമിതി സ്ഥാനങ്ങൾ സിപിഐക്കും ഐഎൻഎല്ലിനും നൽകാൻ ധാരണ

SHARE THIS ON

നീലേശ്വരം: സിപിഎം ഭരിക്കുന്ന നീലേശ്വരം നഗരസഭയിൽ 2 സ്ഥിരം സമിതികൾ ഘടക കക്ഷികൾക്കു നൽകാൻ ധാരണ.വിദ്യാഭ്യാസം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരാണ് മാറുക. നിലവിൽ സിപിഎം കൗൺസിലർമാരായ ദാക്ഷായണി കുഞ്ഞിക്കണ്ണൻ, പി.സുഭാഷ് എന്നിവരാണ് ഈ സ്ഥാനങ്ങളിലുള്ളത്. ഇത് യഥാക്രമം സിപിഐ കൗൺസിലർ പി.ഭാർഗവി, വാർഡ് 21 ആനച്ചാലിലെ ഐഎൻഎൽ കൗൺസിലർ ഷംസുദ്ദീൻ അരിഞ്ചിറ എന്നിവർക്കാണ് വച്ചുമാറുക.

സിപിഐ ജില്ലാ കൗൺസിൽ അംഗവും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറിയും ആയ പി.ഭാർഗവി നീലവിൽ വാർഡ് 1 പടിഞ്ഞാറ്റംകൊഴുവലിനെയാണ് പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ശിവൻ അറുവാത്തിനെതിരെ 2 വോട്ടുകൾക്ക് സിപിഎമ്മിലെ പി.കുഞ്ഞിക്കൃഷ്ണൻ നായർ ജയിച്ച ഈ വാർഡ് ഇക്കുറി പിടിച്ചെടുക്കാൻ കോൺഗ്രസ് പതിനെട്ടടവും പയറ്റിയിരുന്നു. ഇതെല്ലാം മറികടന്നാണ് സിപിഐ നേതാവ് പി.ഭാർഗവി വാർഡിൽ വിജയിച്ചത്.

തുടർച്ചയായ മൂന്നാം തവണ കൗൺസിലർ ഇവർക്ക് ഇക്കുറി സ്ഥിരം സമിതിയിലേക്കു പരിഗണിക്കാത്തത് ഭരണ സമിതി രൂപീകരണ ഘട്ടത്തിൽ സിപിഐയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഐഎൻഎലിന്റെ മുന്നണി പ്രവേശനത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ആനച്ചാൽ വാർഡിൽ നിന്നു ജയിച്ചെത്തിയ ഐഎൻഎൽ കൗൺസിലർ ആണ് ഷംസുദ്ദീൻ അരിഞ്ചിറ. ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഐഎൻഎലിനു സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകാത്തതും നേരത്തെ ചർച്ചയായതാണ്. ഈ ഘട്ടത്തിൽ തന്നെയെത്തിയ ധാരണയാണ് ഇപ്പോൾ നടപ്പാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!