ചീഫ് സെക്രട്ടറിയെ ആക്രമിച്ച കേസ്; കെജ്‌രിവാളിനേയും മനീഷ് സിസോദിയയേയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരുൾപ്പെടെ ഒമ്പത് എഎപി നേതാക്കളെ കോടതി കുറ്റവിമുക്തരാക്കി. മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സച്ചിൻ ഗുപ്തയുടേതാണ് ഉത്തരവ്.
കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് സത്യത്തിന്റേയും നീതിയുടേയും വിജയമാണെന്ന് കോടതി വിധിക്ക് പിന്നാലെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
മുഖ്യമന്ത്രി കെജ്രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേയുള്ള കേസ് അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കോടതി നിരീക്ഷിച്ചതായി മനീഷ് സിസോദിയ പറഞ്ഞു. മുഖ്യമന്ത്രിയെ രാജിവെപ്പിക്കുകയെന്ന ഗൂഢാലോചനയുടെ ഭാഗമാണ് തങ്ങൾക്കെതിരേയുള്ള കേസ്. ആരോപണങ്ങൾ തെറ്റായിരുന്നുവെന്ന് തുടക്കം മുതൽ തങ്ങൾ ആവർത്തിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 ഫെബ്രുവരി 19ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ യോഗത്തിനെത്തിയപ്പോൾ ചീഫ് സെക്രട്ടറി അൻഷു മർദിക്കപ്പെട്ടുവെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിന് ശേഷം കെജ്രിവാൾ, മനീഷ് സിസോദിയ തുടങ്ങി പതിനൊന്ന് എഎപി നേതാക്കൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഒമ്പത് പേരെയാണ് നിലവിൽ കുറ്റവിമുക്തരാക്കിയത്. എംഎൽഎമാരായ പ്രകാശ് ജാർവാൾ, അമാനത്തുള്ള ഖാൻ എന്നിവർക്കെതിരേയുള്ള കേസ് നിലനിൽക്കും.

