പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണം: ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ആലപ്പുഴ: പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ ആവശ്യം. പിണറായി വിജയന് മാത്രം എന്തിനാണ് ഇളവുകള്‍ എന്ന് സെക്രട്ടറിയേറ്റില്‍ ചോദ്യമുയര്‍ന്നു. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവാക്കിയപ്പോഴും ഇളവുകള്‍ നല്‍കിയെന്നാണ് വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചായിരുന്നു വിമര്‍ശനം. പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും എം വി ഗോവിന്ദന്‍ ശൈലി മാറ്റുന്നില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ടി എം തോമസ് ഐസകും സജി ചെറിയാനും പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികള്‍ ചേരും.
ജി സുധാകരന്‍ പുറത്തുപോകുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടതായിരുന്നു എന്നും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി. സുധാകരന്‍ പാര്‍ട്ടിക്ക് മുകളില്‍ ബിംബമായി. അതുവരെ പാര്‍ട്ടി എന്തിനാണ് കാത്തിരുന്നത്. ജി സുധാകരനെ പ്രതിരോധിക്കുന്നതില്‍ സിപിഐഎം പരാജയപ്പെട്ടു. അഞ്ചുവര്‍ഷക്കാലം സുധാകരന്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും കുറ്റം പറഞ്ഞു. കൃത്യസമയത്ത് പാര്‍ട്ടി പ്രതിരോധിച്ചില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയർന്നു.
സിപിഐഎം സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ കെ രാഘവന്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി സമ്പൂര്‍ണ്ണ പരാജയമാണെന്നും എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കമ്മിറ്റിക്ക് മുന്നോട്ടുപോകാനാവില്ലെന്നും രാഘവന്‍ പറഞ്ഞു. ജി സുധാകരനെ മത്സരിപ്പിക്കണമായിരുന്നു എന്നും സുധാകരന്റെ പേരില്‍ അനാവശ്യ വിവാദമാണ് ഉണ്ടാക്കിയതെന്നും രാഘവന്‍ പറഞ്ഞു. അമ്പലപ്പുഴയിലോ കുട്ടനാട്ടിലോ അദ്ദേഹത്തിന് സീറ്റ് നല്‍കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെളളാപ്പളളി നടേശന്‍ വിഷയത്തില്‍ ജാഗ്രത കാണിച്ചില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു. വെളളാപ്പളളിയുടെ പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി മൗനം പാലിച്ചത് കൊണ്ട് മറ്റ് നേതാക്കള്‍ക്കും വെളളാപ്പളളിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. വെളളാപ്പളളിയുടെ പ്രതികരണങ്ങള്‍ മൊത്തം ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

