കിടക്കക്കായി കാത്തു നിന്നത് അഞ്ചു മണിക്കൂർ; യു.പിയിൽ പനിബാധിച്ച അഞ്ചു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു

ലഖ്നോ: യു.പിയിൽ പനിബാധിച്ച അഞ്ചു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. ഫിറോസാബാദ് മെഡിക്കൽ കോളജിൽ അഞ്ച് മണിക്കൂറോളം കാത്തുനിന്നിട്ടും അഞ്ച് വയസുകാരനായ ഹൃത്വികിന് പ്രവേശനം ലഭിച്ചില്ല. ആശുപത്രിയിലെ കിടക്കകളുടെ അപര്യാപ്തയാണ് ഹൃത്വിക്കിന് പ്രവേശനം നിഷേധിക്കുന്നതിലേക്ക് നയിച്ചത്. ഹൃത്വിക്കിന്റെ മൃതദേഹവുമായി പിതാവ് രാജ്കുമാർ നടന്നു പോകുന്ന ചിത്രം വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.https://acd5832d037273a51f4803ca80ad5d55.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
കുട്ടിയെ വീടിന് സമീപത്തെ സ്വകാര്യ ക്ലിനിക്കിലാണ് ആദ്യം എത്തിച്ചതെന്ന് പിതാവ് രാജ്കുമാർ പറയുന്നു. എന്നാൽ, മുൻകൂറായി 40,000 രൂപ വേണമെന്ന് അവർ ആവശ്യപ്പെട്ടു. പണം നൽകാതെ ചികിത്സ തുടങ്ങില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നാണ് കുട്ടിയുമായി ഫിറോസാബാദ് മെഡിക്കൽ കോളജിലെത്തിയതെന്നും പിതാവ് പറഞ്ഞു.
ഒരു ദിവസം കഴിഞ്ഞ പണമെത്തിക്കാമെന്ന് സ്വകാര്യ ആശുപത്രി അധികൃതരോട് പറഞ്ഞുവെങ്കിലും അവർ ചികിത്സ തുടങ്ങാൻ തയാറായില്ല. കുട്ടിയെ മെഡിക്കൽ കോളജിലെത്തിച്ച് മണിക്കൂറുകൾ കാത്തുനിന്നെങ്കിലും ബെഡ് ലഭിച്ചില്ലെന്നും രാജ്കുമാർ പറഞ്ഞു. കോവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി ഉത്തർപ്രദേശിൽ അജ്ഞാത പനി പടർന്നു പിടിക്കുകയാണ്. നിരവധി പേരാണ് രോഗത്തിന് ആശുപത്രികളിൽ ചികിത്സ തേടുന്നത്.

