KSDLIVENEWS

Real news for everyone

അദ്വാനിക്കും മോദിക്കും ഇനിയും ആശംസനേരും; ജന്മദിനാശംസയുടെ പേരിലുള്ള വിമർശനത്തിന് തരൂരിന്‍റെ മറുപടി

SHARE THIS ON

തിരുവനന്തപുരം: എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ അറിയിച്ചതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എം.പി. മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ് ഗാന്ധിജി പഠിപ്പിച്ചതെന്നും ഇനിയും അദ്വാനിക്കും മോദിക്കും ജന്മദിനാശംസകൾ അറിയിക്കുമെന്നും ശശി തരൂർ വ്യക്തമാക്കി.

ഗാന്ധിജി പഠിപ്പിച്ച ഒരു നിലപാടുകൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയാണ്. ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്.


തന്നെ വായിക്കാത്തവർക്ക് തന്നെ സംഘി എന്നഭിസംബോധന ചെയ്യാമെന്നും തന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഒഴിവാക്കാനുദ്ദേശിക്കുന്നില്ലെന്നും ശശി തരൂർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം


ശ്രീ എൽ കെ അദ്വാനിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആശംസിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ച വളരെ മോശമായ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കാരണം ഞാൻ സത്യത്തിൽ ഒന്ന് പരിഭ്രമിച്ചു പോയി. നമ്മുടെ രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് നാഗരികത കൈമോശം വന്നിട്ടുണ്ടോ? ഗാന്ധിജി നമ്മെ പഠിപ്പിച്ചത് മനുഷ്യത്വത്തെ ബഹുമാനിക്കാനും ആദരിക്കാനുമാണ്. അത്തരം ഒരു നിലപാട് കൊണ്ട് ഞാനിപ്പോൾ സംഘി അനുഭാവിയായി മുദ്രകുത്തപ്പെടുകയുമാണ് ഗാന്ധിജി സത്യത്തിൽ നമ്മെ പഠിപ്പിച്ചത് പാപത്തോട് യുദ്ധം ചെയ്യാനും പാപിയെ സ്നേഹിക്കാനുമാണ്. അഹിംസ എന്നത് പാപിയോട് പോലും നല്ലത് ചെയ്യാൻ പഠിപ്പിക്കുന്ന സ്നേഹത്തിന്റെ തികച്ചും പോസിറ്റീവ് ആയ അവസ്ഥയാണ്. ഗാന്ധിജിയുടെ പദങ്ങളായ നന്മയും തിന്മയും സത്യത്തിൽ ഞാനുപയോഗിക്കാത്തത് ഒരേ വ്യക്തിക്ക് തന്നെ ഇത് രണ്ടിന്റെയും പ്രതിഫലനമുണ്ടാകും എന്നതിനാലാണ്. പക്ഷെ, എന്ത് തന്നെയായാലും അസഹിഷ്ണുത എതിർക്കപ്പെടേണ്ടത് തന്നെയാണ്.

അത് കൊണ്ട് ഒരു കാര്യം കൃത്യമായി വ്യക്തമാക്കാൻ ഞാനുദ്ദേശിക്കുന്നത് ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും ജന്മദിനങ്ങളിൽ അവർക്ക് ഞാൻ ആശംസകൾ നേരുന്നതാണ്; അതേ സമയം അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിർക്കുകയും ചെയ്യുന്നതാണ്. നാല്പത് വര്ഷങ്ങളായി ഞാനെഴുതുന്നത് ഞാൻ എന്താണോ വിശ്വസിക്കുന്നത് അത് തന്നെയാണ്. എന്നെ വായിക്കാത്തവർക്ക് എന്നെ സംഘി എന്നഭിസംബോധന ചെയ്യാം. എന്റെ മൂല്യങ്ങൾ അവർക്ക് വേണ്ടി ഞാൻ ഒഴിവാക്കാനുദ്ദേശിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!