ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി, ആദ്യ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത് പ്രധാനമന്ത്രി , 500 കിലോമീറ്റര്‍ താണ്ടാന്‍ വെറും ആറര മണിക്കൂര്‍

ചെന്നൈ: ദക്ഷിണേന്ത്യയിലും വന്ദേഭാരത് എത്തി. ആദ്യ സര്‍വീസിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്. മൈസൂരില്‍ നിന്ന് ബംഗളൂരു വഴി ചെന്നൈയിലേക്കാണ് സര്‍വീസ്. നിലവിലെ സംവിധാനം അനുസരിച്ച് 500കിലോമീറ്റര്‍ ദൂരം ആറരമണിക്കൂര്‍ കൊണ്ട് താണ്ടാന്‍ കഴിയും. പാത നവീകരിക്കുന്നതോടെ ഇതിന് വെറും മൂന്നുമണിക്കൂര്‍ മതിയാകും. മൈസൂരുവില്‍ നിന്ന് യാത്ര തുടങ്ങി കഴിഞ്ഞാല്‍ പിന്നെ ബംഗളൂരു സിറ്റി ജംഗ്ഷനില്‍ മാത്രമായിരിക്കും സ്റ്റോപ്പ് ഉണ്ടായിരിക്കുക. ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സര്‍വീസ് ഉണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് സര്‍വീസിനാണ് ഇന്ന് തുടക്കമിട്ടത്. പൂര്‍ണമായും ശീതീകരിച്ച കോച്ചുകളുമായാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. ഡോറുകള്‍ എല്ലാം ഓട്ടാമാറ്റിക് ആണ്. ഓഡിയോ-വിഷ്വല്‍ പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓണ്‍ബോര്‍ഡ് ഹോട്ട്സ്പോട്ട് വൈഫൈ, റിക്ലൈനിംഗ് സീറ്റുകള്‍ എന്നിവയാണ് വന്ദേഭാരതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകള്‍. മികച്ച സീറ്റുകള്‍, ഇന്റീരിയറുകള്‍, ബോഗിക്കടിയിലേക്ക് വെള്ളം കയറാത്ത ഡിസൈന്‍, എമര്‍ജന്‍സി ലൈറ്റുകള്‍, വായു ശുദ്ധീകരണ സംവിധാനം. എന്നിവയെല്ലാം വന്ദേഭാരത് ട്രെയിനുകളില്‍ ഉണ്ടാവും. അതിവേഗത്തില്‍ വന്ദേഭാരത് കുതിക്കുമ്ബോള്‍ ട്രാക്കിലെ കൂട്ടിയിടി ഒഴിവാക്കാന്‍ ഇന്ത്യയുടെ സ്വന്തം ‘കവച്ച്’ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

