തദ്ദേശ തെരഞ്ഞെടുപ്പ് ;
കള്ളവോട്ടുകാരെ കുടുക്കാൻ 252 ഇടങ്ങളിൽ ക്യാമറക്കണ്ണ്

പെരിയ: വേഷം മാറി വോട്ട് ചെയ്യാമെന്നൊന്നും ആരും ചിന്തിക്കേണ്ട, ജില്ലയിലെ 252 പോളിങ് ബൂത്തുകളിൽ നിരീക്ഷണത്തിനായി ക്യാമറയുണ്ടാകും.
185 ബൂത്തുകളിൽ വീഡിയോഗ്രാഫിയും 67 ഇടങ്ങളിൽ വെബ്കാസ്റ്റിങ്ങുമായിരിക്കും ഉണ്ടാവുക. പ്രശ്നബാധിത ബൂത്തുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയ ബൂത്തുകളിലുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചെലവിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുള്ളത്. 185 ബൂത്തുകളിൽ 134-ഉം സ്ഥാനാർഥികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും ആവശ്യപ്രകാരമാണ് വീഡിയോഗ്രാഫി ഏർപ്പെടുത്തിയിരിക്കുന്നത്.
എറ്റവും കൂടുതൽ സ്ഥാനാർഥികൾ ആവശ്യപ്പെട്ടിരിക്കുന്നത് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലാണ്. വീഡിയോഗ്രാഫിയുടെ മുഴുവൻ ചെലവും അതത് സ്ഥാനാർഥികളും രാഷ്ട്രീയപ്പാർട്ടികളും വഹിക്കും. ഈ തുക സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണച്ചെലവായി പരിഗണിക്കില്ല.
ഇതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. വീഡിയോഗ്രാഫി ആവശ്യപ്പെട്ട സ്ഥാനാർഥികളുടെ എണ്ണം
കാറഡുക്ക് ബ്ലോക്ക് പഞ്ചായത്ത്- 44, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്- 04, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്- 29, കാസർകോട് ബ്ലോക്ക് പഞ്ചായത്ത്-15, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്- 26, പരപ്പ ബ്ലോക്ക് പഞ്ചായത്ത്- 03, കാഞ്ഞങ്ങാട് നഗരസഭ- 10, കാസർകോട് നഗരസഭ- 03.

