KSDLIVENEWS

Real news for everyone

കോവിഡ് തീരും മുമ്പേ കേരളത്തിൽ പുതിയ മലമ്പനി ; ‘ പ്ലാസമോഡിയം ഓവേൽ ‘ എന്ന വില്ലനെപ്പറ്റി മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

SHARE THIS ON

തിരുവനന്തപുരം: കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്ബനി കണ്ടെത്തിയെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്‌താവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്‌ക്ക് വഴിവച്ചിരിക്കുകയാണ്. എന്നാല്‍ കൊവിഡിന് സമാനമായി ആശങ്കയെക്കാള്‍ ഉപരിയായി ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പ് ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നത്.
അപൂ‌ര്‍വമായ പ്ലാസ്‌മോഡിയം ഓവേല്‍ എന്ന പുതിയ ജനുസില്‍പ്പെട്ട മലമ്ബനിയാണ് സംസ്ഥാനത്ത് കണ്ടെത്തിയിരിക്കുന്നത്. മലമ്ബനി ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിയ ജവാനെ പരിശോധിച്ചപ്പോഴാണ് ഈ രോഗമാണെന്ന് വ്യക്തമായത്. യഥാസമയം കണ്ടെത്തി ചികിത്സിച്ചതിനാല്‍ പകരാതെ രോഗം തടയാനായെന്ന് മന്ത്രി വ്യക്തമാക്കി.ജവാന് മാര്‍ഗരേഖ പ്രകാരമുളള സമ്ബൂര്‍ണ ചികിത്സ നല്‍കുകയും ഉടന്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്‌തതിനാല്‍ രോഗം മറ്റു‌ളളവരിലേക്ക് വ്യാപിക്കാതെ തടയാനായതായി മന്ത്രി പറയുന്നു.
സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്ബനി റിപ്പോര്‍ട്ട് ചെയ്‌ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഇപ്പോള്‍ ഈ രോഗം സ്ഥിരീകരിച്ചത്. മറ്റ് മലമ്ബനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്ബനിക്കും നല്‍കുന്നത്. കേരളത്തില്‍ അപൂര്‍വമായാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്ബനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാല്‍സിപ്പാരം ഉള്‍പ്പടെയുളള മലമ്ബനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്ബനി.
പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരം, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം നോളസി, പ്ലാസ്‌മോഡിയം ഓവാലെ എന്നീ അഞ്ച് ഇനങ്ങളിലാണ് മലേറിയയ്ക്ക് കാരണമാകുന്ന പ്രോട്ടോസോവ സാധാരണയായി കണ്ടുവരുന്നത്. ഇവയില്‍ പ്ലാസ്‌മോഡിയം വിവാക്സ്, പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും സാധാരണമായത്.
ഇന്ത്യയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തില്‍ തൃശൂര്‍ ജില്ലയിലായിരുന്നു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു കൊവിഡ്. നിപാ വൈറസും രാജ്യത്ത് ആദ്യമായി പൊട്ടിപുറപ്പെട്ടത് കേരളത്തില്‍ കോഴിക്കോടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!