KSDLIVENEWS

Real news for everyone

1980 മുതൽ കശ്മീരിൽ നടന്ന മനുഷ്യാവകാശലംഘനങ്ങൾ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

SHARE THIS ON

ന്യൂഡല്‍ഹി: 1980 മുതല്‍ കശ്മീരിലുണ്ടായ മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഒരു സത്യ-അനുരഞ്ജന കമ്മിറ്റി രൂപീകരിക്കണമെന്നും ജസ്റ്റിസ് സഞ്ജീവ് കൗൾ ആവശ്യപ്പെട്ടു. ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജികളിലെ വിധി പ്രസ്താവത്തിനിടെയായിരുന്നു സഞ്ജീവ് കൗളിൻ്റെ നിരീക്ഷണം. ഭരണകൂടവും അല്ലാത്തവരും ചെയ്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സത്യ-അനുരഞ്ജന കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു. കമ്മീഷന്റെ പ്രവര്‍ത്തനം സമയബന്ധിതമായി നടത്തണമെന്നും ജസ്റ്റിസ് കൗൾ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് കമ്മീഷന്‍ രൂപീകരിക്കണോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് വ്യക്തമാക്കി. ADVERTISEMENT ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനും നീതി വിതരണത്തിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും. ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി നിലനിര്‍ത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 2024 സെപ്റ്റംബര്‍ 30-നകം ജമ്മു-കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ജമ്മു-കശ്മീര്‍ പുനഃസംഘടനയെ കോടതി ശരിവെക്കുകയും ചെയ്തു. ജമ്മുകശ്മീരില്‍ നിന്നടര്‍ത്തി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയാണ് കോടതി ശരിവെച്ചത്. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമാണ് കശ്മീരിനുമുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായ പരമാധികാരം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!