കാർഷിക നിയമങ്ങള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു; പഠിക്കാന്‍ പ്രത്യേക സമിതി

ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയിരിക്കുന്നത്. വിഷയം പഠിക്കുന്നതിന് കോടതി നാലംഗ സമിതി രൂപവത്കരിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമം നടപ്പിലാക്കരുതെന്നും കോടതി പറഞ്ഞു.
സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഹർജി പരിഗണിച്ചുകൊണ്ട് പറഞ്ഞു. കർഷക സമരങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോർട്ട് നൽകുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ അഭിഭാഷകർ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കർഷകർ ആഗ്രഹിക്കുന്നതെങ്കിൽ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.null
നിയമം താൽകാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങൾക്കുണ്ട്. എന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ വിദഗ്ധസമിതി രൂപികരിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചില്ല എങ്കിൽ സ്റ്റേ ചെയ്യുമെന്നും ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നു. കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ അഭിഭാഷകർ മുഖേന വ്യക്തമാക്കിയിരുന്നു. തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാൽ നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ അധികാരം ഉണ്ടെന്നും സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.

