സനുവിനെ കണ്ടെത്താനാകാതെ പൊലീസ്: സ്വത്ത് വിവരങ്ങൾ തേടി, അന്വേഷണം വ്യാപിപ്പിക്കും

കാക്കനാട് മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി വൈഗയുടെ പിതാവ് സനു മോഹന്റെ സ്വത്ത് വിവരങ്ങള്‍ തേടി പൊലീസ്. സനുവിന്റെ പേരില്‍ കേരളത്തില്‍ എവിെടയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാന്‍ പൊലീസ് രജിസ്ട്രേഷന് വകുപ്പിന്റെ സഹായം തേടി. സംസ്ഥാനം കടന്നിട്ടും അന്വേഷണസംഘം വിപുലീകരിച്ചിട്ടും സനുമോഹനെ കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് പൊലീസ്. പൂണെയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി കോടിക്കണക്കിന് രൂപയുമായി സനുമോഹന് കേരളത്തിലേക്കെത്തിയെന്ന് വിവരമുണ്ടെങ്കിലും ഇത് പൂര്‍ണമായി സ്ഥിരീകരിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സനുമോഹന്റെ പേരില്‍ കേരളത്തില്‍ വസ്തുക്രയവിക്രയം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നത്. ഇതിനായി പൊലീസ് രജിസ്ട്രേഷന് വകുപ്പിന്റെ സഹായം തേടി. അതേസമയം സനുവിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടും നിലവില്‍ തുമ്പുകളൊന്നും കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. സനു ബന്ധപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടും സനു എവിടെ എന്ന് കണ്ടെത്താനായിട്ടില്ല. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പണത്തിനായി വിളിക്കുമെന്ന പൊലീസിന്റെ പ്രതീക്ഷയും തെറ്റി. സനു പുതിയ ഫോണ്‍ നമ്പര്‍ എടുത്തിട്ടുണ്ടോ എന്നറിയാനും പുതിയ ബാങ്ക് അക്കൗണ്ട് എടുത്തോ എന്നറിയാനുമുള്ള പൊലീസ് നീക്കങ്ങളെല്ലാം പാളി. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഹോട്ടലുകളിലെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. തന്റെ നാടുവിടല്‍ സനുമോഹന് വളരെ നേരത്തേ ആസൂത്രണം ചെയ്തതാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊല്ക്കത്തയിലേക്കടക്കം അന്വേഷണം വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘം വിപുലീകരിച്ചത്.

