കൈവിലങ്ങ് അഴിച്ചപ്പോള്‍ പോലീസിനെ ആക്രമിച്ച് പോക്‌സോ കേസ് പ്രതി; പോലീസുകാരന്റെ പല്ല് പൊട്ടി

തൊടുപുഴ: പോക്‌സോ കേസിലെ പ്രതി പോലീസുകാരനെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച വൈകിട്ട് തൊടുപുഴയിലാണ് പോലീസുകാരനെ ആക്രമിച്ച് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പോലീസുകാരന്റെ പല്ല് പൊട്ടി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്നീട് ഓടിച്ചിട്ട് പിടികൂടി. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ അഭിജിത്ത് എന്നയാളാണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ശ്രമിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പോലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പ്രതി പോലീസുകാരന്റെ മുഖത്തിടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാളെ പോലീസുകാര്‍ തന്നെ ഓടിച്ചിട്ട് പിടികൂടി. അതേസമയം, ആക്രമണത്തില്‍ പോലീസുകാരന്റെ പല്ല് പൊട്ടിപ്പോയി. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സതേടി. പോക്‌സോ കേസില്‍ റിമാന്‍ഡിലായ അഭിജിത്തിനെതിരേ പോലീസുകാരനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ശ്രമിച്ചതിനും മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

