കോണ്‍ഗ്രസിന് പൂട്ടിട്ട് ട്വിറ്റര്‍; പാർട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്ക്കാലികമായി മരവിപ്പിച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ടിന് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. കോൺഗ്രസ് മാധ്യമവക്താവ് രൺദീപ് സുർജേവാല ഉൾപ്പടെ അഞ്ച് മുതിർന്ന നേതാക്കളുടെ അക്കൗണ്ടും ട്വിറ്റർ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
എഐസിസി ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ അജയ് മാക്കൻ, ലോക്സഭാ വിപ്പ് മാണിക്കം ടാഗോർ, മുൻ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകൾക്കെതിരേയാണ് നടപടി. സാമൂഹമാധ്യമ ചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.
ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ടാൽ ഇന്ത്യക്ക് വേണ്ടിയുള്ള കോൺഗ്രസിന്റെ പോരാട്ടത്തിന് തടയിടാൻ സാധ്യമാകുമെന്നാണ് മോദി കരുതുന്നതെന്ന് എഐസിസി സെക്രട്ടറി ഇൻ ചാർജ് പ്രണവ് ജാ ട്വീറ്റ് ചെയ്തു. കാലാപാനി ജയിലിന് മുന്നിൽ പോരാട്ടം നടത്തിയ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് എന്നകാര്യം മോദി മനസ്സിലാക്കണമെന്നും തെറ്റുകൾക്കെതിരായ പോരാട്ടം തുടുമെന്നും പ്രണവ് ജാ ട്വിറ്ററിൽ കുറിച്ചു.
സർക്കാരിൽ നിന്നുള്ള സമ്മർദ്ദം കാരണമാണ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെന്റ് ചെയ്തതെന്നും കോൺഗ്രസ് ആരോപിച്ചു. ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു പ്രായപൂർത്തിയാവാത്ത ഇരയുടെ സ്വകാര്യത മാനിച്ചില്ലെന്ന് കാണിച്ച് ട്വിറ്റർ അക്കൗണ്ട് റദ്ദാക്കിയത്.

