ചൗക്കി ആസാദ് നഗറില്‍ ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; 3 പേര്‍ക്ക് പരിക്ക്

കാസർകോട്: ഉളിയത്തടുക്ക-ചൗക്കി റോഡിൽ ആസാദ് നഗറിൽ സ്‌കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെക്രാജെ സ്വദേശിയും ചൗക്കി, ആസാദ് നഗറിൽ താമസക്കാരനുമായ ഗൾഫുകാരൻ റഫീഖിന്റെ മകൻ ഷഹബാസ് ഹസ്സൻ (17)ആണ് മരിച്ചത്. സഹയാത്രികനെയും ബൈക്കിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ടു പേരെയും മംഗ്ളൂരുവിലെയും ഇന്ദിരാനഗറിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10.45 മണിയോടെയാണ് അപകടം. റഫീഖ്-അൽഫീന ദമ്പതികളുടെ ഏക മകനാണ് ഷഹബാസ് അസ്സർ. വിദ്യാനഗർ, ഉദയഗിരി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. പ്ലസ് വൺ പഠനം പൂർത്തിയാക്കിയ ഷഹബാസ് പ്ലസ്‌ടു ക്ലാസിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടത്തിൽ പൊലിഞ്ഞത്. അപകടം സംബന്ധിച്ച് കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഷഹബാസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

