ഉപ്പള പെരിങ്കടിയിൽ കൂട്ടുകാരോടൊപ്പം പള്ളി കുളത്തിൽ കുളിക്കുന്നതിനിടെ 13 വയസ്കാരൻ മുങ്ങി മരിച്ചു

ഉപ്പള: പെരുങ്കടിയിലെ പള്ളികുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ 13കാരന് മുങ്ങി മരിച്ചു. പെരുങ്കടിയിലെ മുഹമ്മദലി-സുലൈഖ ദമ്പതികളുടെ മകനും മംഗല്പാടി സ്കൂളില്‍ എട്ടാതരം വിദ്യാര്‍ഥിയുമായ മുഹമ്മദ് അസാന്(13)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മറ്റ് കുട്ടികള്‍ക്കൊപ്പം പള്ളി കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു അസാന്. കൂട്ടത്തിലെത്തിയ ചില കുട്ടികള്‍ നേരത്തെ തന്നെ കുളി കഴിഞ്ഞ് മടങ്ങിയിരുന്നു. അവസാനം കുളി കഴിഞ്ഞ് മടങ്ങിയ കുട്ടികള്‍ അസാനെ അന്വേഷിച്ചെങ്കിലും കുളത്തിന്റെ പരിസരത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല. നേരത്ത മടങ്ങിയ കുട്ടികളുടെ കൂട്ടത്തില്‍ അസാന് പോയെന്നാണ് ഇവര്‍ കരുതിയത്. നേരം വൈകിയിട്ടും അസാന് വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കുളത്തിന് സമീപത്ത് തിരച്ചില്‍ നടത്തുന്നതിനിടെയാണ് അസാന്റെ ചെരുപ്പും വസ്ത്രങ്ങളും കണ്ടത്. പിന്നീട് രാത്രി 10 മണിയോടെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

