KSDLIVENEWS

Real news for everyone

കാർഗോ വഴി അയക്കുന്ന സാധനങ്ങൾക്ക് ഗ്രൂപ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഐസിസിഎ

SHARE THIS ON

ഷാർജ ∙ കാർഗോ വഴി അയക്കുന്ന സാധനങ്ങൾക്ക് പരിരക്ഷ ലഭിക്കുന്ന ഗ്രൂപ് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഇന്ത്യൻ കാർഗോ ആൻഡ് കൊറിയേഴ്സ് അസോസിയേഷൻ (ഐസിസിഎ) ഭാരവാഹികൾ പറഞ്ഞു.  10 ദിര്‍ഹമാണ് ഇതിനായി അടയ്‌ക്കേണ്ടത്. ആകസ്മികമായുണ്ടാകുന്ന നഷ്ടം പരിഹരിക്കാന്‍ മുടക്കിയ നിരക്ക് ഉടന്‍ തിരിച്ചു കൊടുക്കും.  അസോസിയേഷന്‍റെ പ്രഥമ ദേശീയ കോൺഫറൻസിനോടനുബന്ധിച്ച് ഷാർജയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന 84 സ്ഥാപനങ്ങളാണ് അസോസിയേഷനിലെ അംഗങ്ങൾ. മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനം നൽകാൻ അംഗങ്ങളെ പ്രാപ്തരാക്കുക, സേവന നിലവാരം മെച്ചപ്പെടുത്താനുള്ള കർമ പദ്ധതി തയാറാക്കുക, കസ്റ്റംസ് ക്ലിയറൻസ് നടപടികളെ കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കുക, ഷിപ്പിങ് കമ്പനികളുമായി ചേർന്ന് ചെലവ് ചുരുങ്ങിയ മാർഗം കണ്ടെത്തി സേവനം മെച്ചപ്പെടുത്തുക, പരാതികൾ പരിഹരിക്കാൻ ഏകീകൃത സംവിധാനം നടപ്പിലാക്കുക തുടങ്ങിയവയാണ് സംഘടനയുടെ ലക്ഷ്യങ്ങളെന്നും പ്രസിഡന്‍റ് നിഷാദ്  പറഞ്ഞു.  യുഎഇയിലെ 84 കാര്‍ഗോ കമ്പനികളുടെ സേവനം മെച്ചപ്പെടുത്തുക, ഇന്ത്യയിലെ ക്ലിയറന്‍സ് പ്രശ്‌നങ്ങളും ഡെലിവറിയിലെ കാലതാമസവും ഒഴിവാക്കി ഈ വ്യവസായ മേഖലയെ മികവുറ്റതാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. കാര്‍ഗോ, കൊറിയര്‍ മേഖലയ്ക്ക് ആരോഗ്യകരമായ വിപണി സൃഷ്ടിക്കുന്നതിനോടൊപ്പം തന്നെ, മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതും ലക്ഷ്യമാണ്. പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര നടപടികളിലേക്ക് നയിക്കാന്‍ ഒരു കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി കണ്ടെത്തുന്ന കാര്യങ്ങള്‍ സംഘടന നടപ്പാക്കും. വിമാന മാർഗം 13 ദിർഹം നിരക്ക് 2015ല്‍ തുടങ്ങിയ റജിസ്‌റ്റേര്‍ഡ് സംഘടനയാണ് ഐസിസിഎ. യുഎഇയിലെ 95 ശതമാനം കാര്‍ഗോ കമ്പനികളും ഇതിലുള്‍പ്പെടുന്നു. സംഘടനയുടെ നേതൃത്വത്തില്‍ രണ്ടു മാസം മുന്‍പ് നിരക്കുകള്‍ ഏകീകരിച്ചു. ഇതനുസരിച്ച്, സമുദ്ര മാര്‍ഗം ഒരു കിലോ കാര്‍ഗോ ഇന്ത്യയലേയ്ക്ക് അയക്കാന്‍ 6 ദിര്‍ഹമാണ് നിരക്ക്. വിമാന മാര്‍ഗം അയക്കാന്‍ 13 ദിര്‍ഹമും. പായ്ക്കിങ് നിരക്ക് 20 ദിര്‍ഹമാണ്. പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്ക് കാര്‍ഗോ രംഗത്ത് പല പ്രശ്‌നങ്ങളും നിലനില്‍ക്കുന്നുണ്ട്. 90 ശതമാനം പേരും ഈ വ്യവസായ മേഖലയെ സേവന മനോഭാവത്തോടെയാണ് കാണുന്നത്. ഏതാണ്ടെല്ലാ മേഖലകളും ഓണ്‍ലൈനും ഫാസ്റ്റ് ട്രാക്കുമായി സ്മാര്‍ട്ടായെങ്കിലും കാര്‍ഗോ രംഗം മാത്രം അക്കാര്യത്തില്‍ പിറകില്‍ നില്‍ക്കുകയാണ്. ഇത് മനസ്സിലാക്കി പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരാനാണ് സംഘടന താല്‍പര്യപ്പെടുന്നത്. യുഎഇയില്‍ നിന്ന് റിട്ടയര്‍ ചെയ്തും ജോലി നഷ്ടപ്പെട്ടും നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ കാര്‍ഗോ അയക്കാന്‍ സംവിധാനമേര്‍പ്പെടുത്തും. പ്രവാസികള്‍ക്ക് എപ്പോഴും താങ്ങാനാകുന്ന നിരക്കില്‍ മികച്ച സേവനം നല്‍കാനാണ് ആഗ്രഹമെന്നും ഭാരവാഹികള്‍പറഞ്ഞു. അവധിക്കാലങ്ങളില്‍ വിമാന നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കുമ്പോഴും എത്രയോ വര്‍ഷങ്ങളായി ഡോര്‍ ടു ഡോര്‍ മേഖല വളരെ മിതമായ നിരക്കില്‍ തന്നെയാണ് മുന്നോട്ടു പോകുന്നത്. ഈ മേഖലയിലെ ഏറ്റവും വലിയ പ്രശ്‌നം ക്ലിയറന്‍സുമായി ബന്ധപ്പെട്ടുള്ളതാണ്. പലപ്പോഴും ഉപയാക്താക്കളില്‍ നിന്ന് വാങ്ങിയതിനെക്കാള്‍ തുക ക്ലിയറന്‍സിന് കാര്‍ഗോ കമ്പനികള്‍ ചെലവഴിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇന്‍സ്‌പെക് ഷന്‍ ആവശ്യമായി വരുമ്പോളുണ്ടാകുന്ന കാലതാമസം വലിയ പ്രതിസന്ധിയാണ്. അത് കാര്‍ഗോ കമ്പനികള്‍ സൃഷ്ടിക്കുന്നതല്ല. പ്രശ്‌നങ്ങളിലധികവും സാങ്കേതികമാണ്. സര്‍ക്കാര്‍ അധികാരികള്‍ പരമാവധി സേവനങ്ങള്‍ ചെയ്തു തരാറുണ്ട്. ഇപ്പോള്‍  പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്ല രീതിയില്‍ തന്നെ മുന്നോട്ടു പോകുന്നുണ്ട്. കോവിഡ് കാലത്തും ശേഷവും കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്തരം വിഷമാവസ്ഥകള്‍ പരമാവധി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.  ഹൈദരാബാദിലെ ക്ലിയറന്‍സിലാണ് നേരത്തെ പ്രശ്‌നങ്ങളുണ്ടായത്. ഏകദേശം 480 കണ്ടെയ്നറുകളാണ് അന്ന് കസ്റ്റംസ് പിടിച്ചു വച്ചത്. ഗള്‍ഫില്‍ നിന്നും പ്രധാനമായി ഇലക്‌ട്രോണിക് സാധനങ്ങൾ, ടിവി, സിഗരറ്റ്‌, സ്വർണം എന്നിവ ഇത്തരം കണ്ടെയിനറുകളിലുണ്ടെന്നതായിരുന്നു അന്നുയര്‍ന്ന ആരോപണം. ഇതേത്തുടര്‍ന്ന്, 480 കണ്ടെയിനറുകളും തുറന്നു പരിശോധിച്ചു. നിയമവിരുദ്ധമായി ഒന്നും കിട്ടിയില്ല. അവസാനം, എല്ലാത്തിനും ഡ്യൂട്ടിയും പിഴയും ചുമത്തി. അതെല്ലാം കാർഗോ ഉടമകൾ അടച്ചു. വ്യാജ കാർഗോ സ്ഥാപനങ്ങൾ പൂട്ടി അതിനിടെ, ഇക്കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നു വ്യാജ കാര്‍ഗോ സ്ഥാപനങ്ങളെ കണ്ടെത്തി പൂട്ടിച്ചത് കൂട്ടായ്മയുടെ വിജയമാണ്. പൂട്ടിയവ ഒന്നും ഇന്ത്യന്‍ കമ്പനികളല്ലെന്നും വ്യക്തമാക്കി.  ഭാരവാഹികൾ: നിഷാദ് (പ്രസി–എബിസി കാര്‍ഗോ), നവജാസ് (സെക്ര–ബെസ്റ്റ് എക്‌സ്പ്രസ്സ് കാര്‍ഗോ), ഉപദേശക സമിതി അംഗങ്ങൾ: സിയാദ് (പ്രൈം എക്‌സ്പ്രസ്സ് കാര്‍ഗോ), യൂനുസ് (സീബ്രീസ് കാര്‍ഗോ), ലാല്‍ജി മാത്യു (123 കാര്‍ഗോ), നവനീത് പ്രഭാകരന്‍ (റോണാ കാര്‍ഗോ), ഫൈസല്‍ (ഡിആര്‍ കൊറിയര്‍), ഷഹീര്‍ (മെട്രോ കൊറിയര്‍ ആൻഡ് കാര്‍ഗോ), ജിഗിലേഷ് (ഈസി കാര്‍ഗോ). 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!