മോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റും,10 ലക്ഷം തൊഴില്‍; ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം

അഹമ്മദാബാദ്: അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേരുമാറ്റി സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാക്കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് പ്രകടനപത്രികയ്ക്ക് അംഗീകാരം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗഹലോത് പറഞ്ഞു.
ഗുജറാത്തില്‍ പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം സംവരണം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും പ്രതിമാസം 2000 രൂപ നല്‍കും. 3000 സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തരബിരുദം വരെ സൗജന്യവിദ്യാഭ്യാസം നല്‍കും. തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് മാസം 3000 രൂപ വീതം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
മൂന്നു ലക്ഷം രൂപ വരെ കാര്‍ഷിക ലോണ്‍, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് ഗാര്‍ഹികാവശ്യത്തിനായുള്ള ഗ്യാസ് സിലിണ്ടര്‍ എന്നിവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു. പത്ത് ലക്ഷം രൂപ വരെ സൗജന്യചികിത്സയും സൗജന്യ മെഡിക്കല്‍ പരിശോധനയും അഞ്ച് ലക്ഷം രൂപ വരെ സൗജന്യമരുന്നുകളും കോണ്‍ഗ്രസ് ഉറപ്പു നല്‍കുന്നു. നാല് ലക്ഷം രൂപ കോവിഡ് നഷ്ടപരിഹാരമായി നല്‍കുമെന്നും കോണ്‍ഗ്രസ് പറയുന്നു.

