KSDLIVENEWS

Real news for everyone

പ്രാർഥനയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചു; പുരോഹിതനെതിരേ വീണ്ടും പോക്‌സോ കേസ്

SHARE THIS ON

മംഗളൂരു: പള്ളിയിൽ പ്രാർഥനയ്ക്ക് വരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ പുരോഹിതനെതിരേ വീണ്ടും പോക്‌സോ കേസ്. വലൻഷ്യ സെയിന്റ് വിൻസന്റ് ഫെറാർ പള്ളിയിലെ മുൻ വികാരി ഫാ. സൈപ്രിയാൻ പിന്റോയ്ക്കെതിരേയാണ് മംഗളൂരു വനിതാ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സമാന രീതിയിൽ പീഡിപ്പിക്കപ്പെട്ട മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

ഉള്ളാൾ സെയ്‌ന്റ് സെബാസ്റ്റ്യൻ പള്ളിവികാരിയായിരിക്കെ ഞായറാഴ്ച പ്രാർഥനയ്ക്കെത്തിയ 13-കാരനെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പുതിയ പരാതി. ഒക്ടോബർ 18-ന് 14 വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പിന്റോയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ മംഗളൂരു സൗത്ത് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഒക്ടോബർ 30-ന് ഇയാൾക്ക് മംഗളൂരു അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 65-കാരനായ പുരോഹിതന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അതിനിടെയാണ് പുതിയ പരാതിയിൽ കേസെടുത്തത്. കൂടുതൽ പരാതിക്കാർ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ബാലാവകാശ പ്രവർത്തകർ രംഗത്തെത്തി. പുരോഹിതന്റെ പീഡനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയമിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അസി. പോലീസ് കമ്മിഷണർ രവീഷ് നായിക്കിനെ ചുമതലപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മിഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!