KSDLIVENEWS

Real news for everyone

നാട്ടുകാർക്കു വാരിക്കോരി സമ്മാനങ്ങൾ; 47 പവൻ സ്വർണം കവർന്ന ഇൻസ്റ്റയിലെ ഉപദേശി പിടിയിൽ

SHARE THIS ON

പാലക്കാട്: ട്രെയിൻ യാത്രയ്ക്കിടെ വയോധികയുടെ 47 പവൻ ആഭരണം കവർന്ന് തമിഴ്നാട്ടിലേക്കു മുങ്ങി നാട്ടുകാർക്കു വാരിക്കോരി സമ്മാനങ്ങൾ നൽകി പിറന്നാളും ദീപാവലിയും ‘അടിച്ചുപൊളിച്ച’ യുവാവു പിടിയിലായി. ഡിണ്ടിഗൽ സ്വദേശി ബാലമുരളി മുത്തയ്യയെ (38) പിടികൂടിയത് ഇയാളുടെതന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സൂചനകൾ വച്ചാണ്. നേരത്തേ ലാപ്ടോപ് മോഷണക്കേസിലും പ്രതിയാണിയാൾ.

പേരക്കുട്ടിയുടെ കല്യാണത്തിന് 47 പവനുമായി ചെന്നൈയിൽ നിന്നു ചെങ്ങന്നൂരിലേക്കു ട്രെയിനിൽ പോവുകയായിരുന്ന ചെങ്ങന്നൂർ സ്വദേശി കുമാരിയുടെ (66) സ്വർണമാണ് ഇയാൾ കവർന്നത്. തൃശൂരിലെത്തിയപ്പോഴാണു സ്വർണം സൂക്ഷിച്ച ബാഗ് നഷ്ടമായതറിഞ്ഞത്. ഉടൻ പൊലീസിനെ അറിയിച്ചു. പാലക്കാട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നു സിസിടിവി സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം തമിഴ്നാട്ടിലെത്തി. അപ്പോഴേക്കും പല സ്റ്റേഷനുകൾ കയറിയിറങ്ങിയ ബാലമുരളി ഡിണ്ടിഗലിൽ എത്തിയിരുന്നു. മാസ്ക് ധരിച്ചയാളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇയാളിലെത്തിയത്.

സുഹൃത്തുക്കൾക്കു വിലപിടിപ്പുള്ള സമ്മാനങ്ങളും പാവപ്പെട്ടവർക്കു ഭക്ഷണവും വസ്ത്രങ്ങളും നൽകി ഭക്തിനിർഭരമായ ഉപദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഇയാളുടെ ജീവിതം കണ്ടു കേരള പൊലീസ് അമ്പരന്നു. മോഷണശേഷം ഡിണ്ടിഗലിൽ കുടുംബത്തോടൊപ്പം ആഘോഷിക്കുകയായിരുന്ന ഇയാളെ പലതവണ പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോയമ്പത്തൂർ പാപ്പാംപെട്ടിയിൽ വാടകവീട്ടിൽ സൂക്ഷിച്ച സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണു ചൊവ്വാഴ്ച വൈകിട്ട് സാഹസികമായി പൊലീസ് ഇയാളെ പിടികൂടിയത്. സ്വർണത്തിൽ 36.42 പവൻ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!