പിഎംഎ സലാം സിൽക്ക് ചെയർമാൻ, മുസ്ലിം ലീഗിനുള്ള ബോർഡ് കോർപ്പറേഷൻ പദവികളിൽ നിയമനം

തിരുവനന്തപുരം: ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നേതാക്കൾക്ക് നിയമനം ഇന്നുണ്ടാകും. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സിൽക്ക് ചെയർമാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലീം കെ.എ.എൽ ചെയർമാനാകും. സിഡ്കോയുടെ ചെയർമാനായി ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദും നിയമിതനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച്. റഷീദിനും ഒരു ബോർഡ് കോർപ്പറേഷൻ ചെയർമാനായി നിയമനമുണ്ട്.
വയനാട് ജില്ലാ ഭാരവാഹിയായ യഹിയാ ഖാനെ തദ്ദേശ വകുപ്പിന് കീഴിലുള്ള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ചെയർമാനായി നേരത്തെ നിശ്ചയിച്ചിരുന്നു. അദ്ദേഹം ഇന്ന് ചുമതലയേൽക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള ചെയർമാന്മാരുടെ നിയമന ഉത്തരവും ഇന്ന് തന്നെ ഉണ്ടാകും. ഇവരുടെ നിയമനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടായിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിലുള്ളതിന് സമാനമായിട്ടാണ് ഇത്തവണയും മുസ്ലിംലീഗിന് ബോർഡ് കോർപ്പറേഷൻ പദവികളിലേക്കുള്ള നിയമനങ്ങൾ. ഇതുപ്രകാരം 35 -ലധികം ചെയർപേഴ്സൺ സ്ഥാനങ്ങളാണ് കിട്ടുക. യു.ഡി.എഫ്. വിട്ട പാർട്ടികൾക്ക് നൽകിയിരുന്ന സ്ഥാനങ്ങളുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് യു.ഡി.എഫിലെ ധാരണ.
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി ഡോ. എം.കെ. മുനീർ നിയമിതനായിരുന്നു. മറ്റു നിയമനങ്ങളിൽ യൂത്ത്ലീഗ്, വനിതാലീഗ് തുടങ്ങിയ പോഷക സംഘടനകൾക്ക് ന്യായമായ പരിഗണനയുണ്ടാകുമെന്നാണ് സൂചന.

