വന്യജീവി ആക്രമണം: 59 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ നടപടി -മന്ത്രി രാജു

പൊയിനാച്ചി: അതിരൂക്ഷമായ വന്യജീവി ആക്രമണമുള്ള മേഖലകളിൽ വനംവകുപ്പിന് ഭൂമി വിട്ടുനൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ജില്ലയിലെ 59 കുടുംബങ്ങൾക്ക് തുക നൽകുന്നതിന് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.രാജു നിയമസഭയിൽ അറിയിച്ചു. കെ.കുഞ്ഞിരാമൻ എം.എൽ.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം
റീ ബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുക. അപേക്ഷകൾ പരിശോധിച്ച് വിലയിരുത്തുന്നതിന് ഡിവിഷൻ തല കമ്മിറ്റികൾ രൂപവത്കരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണമുണ്ടായ കാസർകോട് വനം ഡിവിഷനിൽ ഈ സാമ്പത്തികവർഷം 54.82 ലക്ഷം നഷ്ടപരിഹാരത്തുക അനുവദിക്കുകയും ആയത് മുഴുവൻ അപേക്ഷകർക്കും നൽകുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.
കാസർകോട് വനംഡിവിഷനിൽ നടപ്പുവർഷം 17 കിലോമീറ്ററിൽ പുതുതായി സോളാർ കമ്പിവേലി നിർമിക്കുന്നതിന് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. 12 കിലോമീറ്റർ സോളാർ കമ്പിവേലി അറ്റകുറ്റപ്പണി ചെയ്യുന്നതിന് നടപടിയെടുത്തു. ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ മേഖലകളിൽ സോളാർ വേലിയൊരുക്കും. വെള്ളരിക്കയം മുതൽ ബെള്ളിപ്പാടി വരെ നാലുകിലോമീറ്റർ ആനപ്രതിരോധ കിടങ്ങ് നിർമിക്കാൻ 29.5 ലക്ഷത്തിന്റെ അടങ്കൽ അനുവദിച്ച് ടെൻഡർ വിളിച്ചിട്ടുണ്ട്. ഇത് പെട്ടെന്ന് പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും.
കർണാടക വനത്തിൽനിന്ന് വരുന്ന ആനകളെ തിരികെ കാട്ടിലേക്ക് അയക്കുന്നതിന് നോർത്തേൺ സർക്കിൾ അസി. കൺസർവേറ്ററുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ഗജ നടപ്പാക്കിയതിൽ ഭാഗികമായി കാട്ടാനകളെ കർണാടക വനത്തിലേക്ക് തുരത്താൻ കഴിഞ്ഞിരുന്നു. നിലവിൽ മൂന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ തസ്തിക മാത്രമാണ് ജില്ലയിൽ ആർ.ആർ.ടി.ക്കുവേണ്ടി അനുവദിച്ചിട്ടുള്ളത് – മന്ത്രി അറിയിച്ചു.null
ദേലമ്പാടി, കാറഡുക്ക, മുളിയാർ, ബെള്ളൂർ, കുറ്റിക്കോൽ, ബേഡഡുക്ക, പനത്തടി, ബളാൽ പഞ്ചായത്തുകളിലെ വനമേഖലകളിൽ വന്യജീവിശല്യം കാരണം വീടും കൃഷിസ്ഥലവും ഉപേക്ഷിച്ചുപോകേണ്ട സാഹചര്യത്തിലാണ് കർഷകരെന്ന് എം.എൽ.എ. സബ്മിഷൻ അവതരിപ്പിച്ച് പറഞ്ഞു. ഒറ്റപ്പെട്ട് താമസിക്കുന്ന കുടുംബങ്ങളെ റീലൊക്കേഷൻ പദ്ധതിയിൽ മാറ്റി പാർപ്പിക്കണമെന്നും ആർ.ആർ.ടി.യിൽ കൂടുതൽ ജീവനക്കാരെ നിയമിച്ച് ജില്ലയിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

