ഈ സര്‍ക്കാരും സമസ്തയെ സഹായിച്ചിട്ടുണ്ട്; മുഖ്യമന്ത്രിയുടെ പര്യടനത്തില്‍ പങ്കെടുക്കാൻ വിലക്കില്ല’ സയ്യിദ് ജിഫ്രി തങ്ങൾ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനവുമായി ബന്ധപ്പെട്ട് സമസ്തയെ മുസ്ലിം ലീഗ് നിയന്ത്രിക്കുന്നുവെന്ന ചർച്ച വിവാദമായിരിക്കേ സംഘടനയുടെ പണ്ഡിതസഭയായ മുശാവറ യോഗം കോഴിക്കോട് ചേർന്നു. രാഷ്ട്രീയ പാർട്ടികളോടുള്ള സമസ്തയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു യോഗം
സമസ്തയ്ക്ക് രാഷ്ട്രീയ നിലപാടില്ലെന്നും സ്വതന്ത്ര നിലപാടാണുള്ളതെന്നും സമസ്ത പ്രസിഡന്റ് സയിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. ആരും മറ്റുള്ളവരെ നിയന്ത്രിക്കുന്നില്ല. ലീഗ് അവരുടെ ആളുകളേയും സമസ്ത അവരുടെ ആളുകളേയും മാത്രമാണ് നിയന്ത്രിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ആർക്കും ആരോടും കൂടാം. അത് സമസ്തയുടെ വിഷയമല്ല.
ആര് വിളിക്കുന്ന യോഗങ്ങളിലും പങ്കെടുക്കാവുന്നതിൽ പങ്കെടുക്കും. സർക്കാർ നേതൃത്വം വിളിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിൽ പങ്കെടുക്കുന്നതിന് സമസ്ത നേതാക്കളെ ലീഗ് വിലക്കിയിട്ടില്ല. ലീഗുമായി എതിർപ്പില്ലെന്നും, ഈ സർക്കാറും സമസ്തക്ക് വേണ്ടി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മുത്തുകോയ തങ്ങൾ പറഞ്ഞു.
സമസ്തയുടെ കാര്യത്തിൽ ആർക്കും ഇടപെടാൻ അധികാരമില്ല. സമസ്തയുടെ നിലപാട് സമസ്തയുടെ അധ്യക്ഷനും ജനറൽ സെക്രട്ടറിയും പറയുന്നതാണ്. മായിൻ ഹാജി സമസ്തയെ നിയന്ത്രിക്കുന്ന വ്യക്തിയല്ല. മതപരമായ കാര്യങ്ങളിൽ മാത്രമാണ് ലീഗ് സമസ്തയുടെ ഉപദേശം തേടാറുള്ളത്. ലീഗും സമസ്തയും തമ്മിൽ നല്ല ബന്ധമാണെന്നും ജിഫ്രി മുത്തു കോയ തങ്ങൾ ചൂണ്ടിക്കാട്ടി.
വെൽഫെയർ പാർട്ടിയെ കുറിച്ച് ഉമർ ഫൈസി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. വെൽഫെയർ സഖ്യത്തിൽ ലീഗ് സമസ്തയുടെ അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സമസ്ത ഓഫീസിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് യോഗം നടന്നത്. യോഗത്തിൽ പ്രസിഡണ്ട് സയിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, വൈസ് പ്രസി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാർ തുടങ്ങിയവരും പങ്കെടുത്തു.

