KSDLIVENEWS

Real news for everyone

വാക്സിന്‍ എടുത്താലും മാസ്‌ക് ധരിക്കണം- ഡോ. ജേക്കബ് ജോണ്‍

SHARE THIS ON

കോഴിക്കോട്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ എടുത്താലും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള മുൻകരുതലുകൾ തുടരേണ്ടി വരുമെന്ന് ഐ.സി.എം.ആർ. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോൺ പറഞ്ഞു. ”സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തിൽ വാക്സിനേഷനിലൂടെ വലിയൊരു മുന്നേറ്റമാണ് നമ്മൾ നടത്തുന്നത്. പക്ഷേ, നിലവിലുള്ള മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല.” വെല്ലൂരിലെ വീട്ടിൽനിന്ന് മാതൃഭൂമിഡോട്ട്കോമുമായി സംസാരിക്കുകയായിരുന്നു ഡോ. ജേക്കബ് ജോൺ.
രാജ്യം വാക്സിനേഷനിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ പ്രാഥമികമായി ഉയരുന്ന ഒരു ചോദ്യം വാക്സിനേഷനു ശേഷവും മാസ്ക് ധരിക്കേണ്ടതുണ്ടോ എന്നാണ്?
മാസ്ക് ധരിക്കണം. സോപ്പ് ഉപയോഗിച്ച് കൈകഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവയും തുടരണം. നമ്മുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമല്ല മാസ്ക് ധരിക്കുന്നത്. മറ്റുള്ളവരുടെ സുരക്ഷയ്ക്കും കൂടിയാണ്.
വാക്സിൻ സ്വീകരിക്കുന്ന ഒരാൾക്ക് രോഗം പിടിപെടുന്നതിനോ അയാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരാനോ ഉള്ള സാദ്ധ്യതയുണ്ടോ? ഇല്ലെങ്കിൽ പിന്നെ എന്തിനാണ് മാസ്ക് ധരിക്കുന്നത്?
ഇതിൽ രണ്ടു പ്രശ്നങ്ങളുണ്ട്. ഒരാൾ മാസ്ക് ധരിക്കാതിരുന്നാൽ അത് സമൂഹത്തിന് ഈ ഘട്ടത്തിൽ നൽകുന്ന സന്ദേശം തെറ്റായിരിക്കും. നിങ്ങൾ മാസ്ക് ധരിക്കുന്നില്ലെങ്കിൽ പിന്നെ ഞാനെന്തിനാണ് മാസ്ക് ധരിക്കുന്നതെന്ന ധാരണ പരത്താൻ അതിടയാക്കും. നിങ്ങൾ വാക്സിൻ എടുത്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ലല്ലോ! മറ്റൊരു പ്രധാന കാര്യം, വാക്സിനേഷൻ കൊണ്ട് നിങ്ങൾ നൂറു ശതമാനം സുരക്ഷിതത്വം കൈവരിക്കുന്നില്ല എന്നതാണ്. ഇപ്പോൾ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് എന്ന വാക്സിന് 70 ശതമാനം ഫലസിദ്ധിയുണ്ടെന്നാണ് കരുതപ്പെടുന്നത്. കോവിഷീൽഡിന് ഡ്ര്ഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയുടെ (ഡി.ജി.സി.ഐ.) അടിയന്തര അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടന്നിട്ടില്ല. ഇംഗ്ളണ്ടിലും മറ്റും നടന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.ഐ. ഈ അനുമതി നൽകിയിട്ടുള്ളത്. വാക്സിൻ വിൽക്കുന്നതിനുള്ള ലൈസൻസല്ല, അടിയന്തരഘട്ടത്തിൽ നൽകുന്നതിനുള്ള അനുമതിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുള്ളത്. വാക്സിന്റെ ഫലം നമ്മൾ വരുംനാളുകളിലാണ് ശരിക്കും അറിയാൻ പോകുന്നത്.
അതായത് വാക്സിൻ എടുക്കുന്നതുകൊണ്ട് നൂറു ശതമാനം പ്രതിരോധശേഷി കൈവരിച്ചു എന്ന് അവകാശപ്പെടാനാവില്ല. അതുകൊണ്ടു തന്നെ നിലവിലുള്ള മുനകരുതലുകൾ തുടരണം എന്നാണ് അർത്ഥമാക്കുന്നത്?
അതെ. സമൂഹത്തിലെ ബഹുഭൂരിപക്ഷവും വാക്സിനേഷന് വിധേയമായിക്കഴിയുമ്പോൾ പഠനത്തിനും വിലയിരുത്തലിനും ശേഷം മാത്രമേ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ വേണ്ടെന്നുവെയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവുകയുള്ളു.
വാക്സിനേഷനുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മറ്റു നടപടികൾ എന്തൊക്കെയാണ്?
വാക്സിന് പാർശ്വഫലമുണ്ടാവുന്നുണ്ടോ എന്നറിയാൻ കൃത്യമായ നിരീക്ഷണ സംവിധാനം വേണം. വാക്സിൻ സ്വീകരിക്കുന്നവരെ ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും നിരീക്ഷിക്കേണ്ടതുണ്ട്. ഇക്കാലയളവിൽ ഇവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ കൃത്യമായി റിപ്പോർട്ട് ചെയ്യണം.
എല്ലാവർക്കും വാക്സിൻ ആവശ്യമുണ്ടോ
അടിയന്തരമായി ആവശ്യമുള്ളവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിക്കുന്നവർ, പ്രായമേറിയവർ, പ്രമേഹം, രക്താതിസമ്മർദ്ദം എന്നിവ നേരിടുന്നവർ- ഇവരൊക്കെയാണ് അടിയന്തരമായി വാക്സിൻ എടുക്കേണ്ടത്. ഇവരിൽതന്നെ നേരത്തെ കോവിഡ് 19 ബാധിതരായിട്ടുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കേണ്ടതില്ല. അർബ്ബുദരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവർ, എച്.ഐ.വി. ബാധിതർ തുടങ്ങിയവർക്ക് വാക്സിൻ എടുക്കാനാവുമോ എന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായി നയം പ്രഖ്യാപിക്കുകയും വേണം. കാരണം ഇവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ പ്രതിരോധശേഷി കുറയ്ക്കുന്നവയാണ്.

അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു തുടങ്ങിയവർ കോവിഡ് 19 വാക്സിൻ എടുത്തു കഴിഞ്ഞു. ഇന്ത്യയിൽ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരും ഇതുപോലെ വാക്സിൻ സ്വീകരിച്ച് സമൂഹത്തിന് മാതൃക കാട്ടേണ്ടതല്ലേ?

തീർച്ചയായും! ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർ വാക്സിൻ സ്വീകരിക്കുന്നത് സമൂഹത്തിന് മൊത്തത്തിൽ ആത്മവിശ്വാസം പകരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!