ഇത് അവകാശത്തിനായുള്ള പോരാട്ടം’- ഗുരുദ്വാരകളില്‍നിന്ന് സമരാഹ്വാനം; ട്രാക്ടര്‍ റാലിക്കൊരുങ്ങി കര്‍ഷകർ

അമൃത്സർ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും പ്രശ്നപരിഹാരത്തിന് സമിതി രൂപവത്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തെങ്കിലും ഡൽഹിയിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കർഷകർ. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലിയിലേയ്ക്ക് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ.
റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃതസറിൽ നിന്ന് നിരവധി ട്രാക്ടറുകൾ പുറപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേരതൃത്വത്തിലുള്ള സംഘമാണ് അമൃതസറിൽനിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളിൽനിന്നും കൂടുതൽ കർഷകരെ ജനുവരി 20ന് മുൻപുതന്നെ ഡൽഹിയിൽ എത്തിക്കുന്നതിന് കർഷക സംഘടനകൾ തയ്യാറെടുക്കുകയാണ്.
പഞ്ചാബിൽ പലയിടങ്ങളിലും ഗുരുദ്വാരകൾ കേന്ദ്രീകരിച്ച് യോഗങ്ങൾ ചേരുകയും കർഷകരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കർഷക സമരത്തിൽ പങ്കെടുക്കാൻ ഗുരുദ്വാരകളിൽനിന്ന് ആഹ്വാനങ്ങളും ഉയരുന്നുണ്ട്. ‘ഇപ്പോൾ നമ്മൾ പോകാൻ തയ്യാറായില്ലെങ്കിൽ നമുക്ക് പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് നമ്മുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്’, ഉച്ചഭാഷിണികളിലൂടെ ഇത്തരം സന്ദേശങ്ങളാണ് പല ഗുരുദ്വാരകളിൽനിന്നും ഉയരുന്നത്.
.
ഡൽഹിയിലേയ്ക്ക് ട്രാക്ടറുകൾ അയയ്ക്കാത്തവർ 2,100 രൂപ പിഴയൊടുക്കണമെന്ന് ചിലയിടങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത് സമരത്തിനുള്ള ഫണ്ടിലേക്ക് നൽകും. ഇതിനു തയ്യാറാകാത്തവർക്കെതിരെ മറ്റു നടപടിയുണ്ടാകും. വിദേശങ്ങളിലുള്ള തങ്ങളുടെ സഹോദരങ്ങൾ വലിയതോതിൽ സഹായം നൽകുന്നുണ്ടെന്ന് പ്രതിഷേധിക്കുന്ന കർഷകരിൽ ചിലർ പറഞ്ഞു. കൂടാതെ ഗ്രാമങ്ങളിൽനിന്ന് ഭൂവുടമകളും പണം തന്ന് സഹായിക്കുന്നുണ്ടെന്നും അവർ പറയുന്നു.
സുപ്രീംകോടതി നിശ്ചയിച്ച സമിതിയിലെ അംഗങ്ങളെല്ലാം കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരായതിനാൽ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ജനുവരി 26ന് തീരുമാനിച്ച ട്രാക്ടർ റാലിയിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ലോഹ്റി ആഘോഷദിനമായ ബുധനാഴ്ച ഗ്രാമങ്ങളിൽ വൈകുന്നേരം അഞ്ചു മണിക്ക് കാർഷികനിയമത്തിന്റെ പകർപ്പുകൾ കത്തിച്ച് കർഷകർ രാജ്യവ്യാപകമായി പ്രതിഷേധിക്കുന്നുണ്ട്.
.
45 ദിവസമായി തുടരുന്ന കർഷകസമരത്തിന് പരിഹാരം കണ്ടെത്താനാകാതെ കേന്ദ്രസർക്കാർ വിഷമിക്കുന്നതിനിടയിലുണ്ടായ സുപ്രീം കോടതി ഉത്തരവ് ആശ്വാസത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നത്. എന്നാൽ, സമരത്തിൽനിന്ന് കർഷകർ പിൻമാറാൻ തയ്യാറാകാതിരിക്കുകയും സമരം കൂടുതൽ ശക്തമാക്കുകയും ചെയ്താൽ അത് സർക്കാരിന് വീണ്ടും തലവേദനയാകും. നിയമങ്ങൾ പിൻവലിക്കുംവരെ സമരം തുടരുമെന്ന നിലപാടിൽത്തന്നെ കർഷകർ ഉറച്ചുനിന്നാൽ വെള്ളിയാഴ്ച നടക്കുന്ന ഒമ്പതാം വട്ടം ചർച്ചയും നിഷ്ഫലമാകുമെന്നാണ് സർക്കാരിന്റെ ആശങ്ക.

