കല്ലട്ര മാഹിൻ ഹാജിക്ക് കാസർഗോഡ് മണ്ഡലം നൽകേണ്ടത് ലീഗ് കാണിക്കേണ്ടതായ കേവല നീതി

മുസ്ലിം ലീഗ് നേതൃത്വങ്ങളിൽ ആഗതമായ നിയസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കുറിച്ച് നവ മാധ്യങ്ങളിൽ നടക്കുന്ന ചർച്ചയുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ഡ്രോസർ അബ്ദുല്ലയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി, പോസ്റ്റിന്റെ പൂർണ്ണരൂപം: ഇവിടെ കൊടുക്കലിന്റെ കഥയേ ഉള്ളൂ. വാങ്ങലിന്റെ കഥയില്ല. കാസർക്കോട് ഫിർദൗസ് ബസാറിലുള്ള ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസ് മുറി കല്ലട്ര അബ്ദുൾ കാദർ ഹാജി ലീഗിനു സംഭാവന നല്കിയത്. കാഞ്ഞങ്ങാട്ടെ ലീഗ് ഓഫീസും കല്ലട്ര അബ്ദുൾ കാദർ ഹാജി വക തന്നെ.'ചന്ദ്രിക' യെ വേരുറപ്പിച്ചു നിറുത്താൻ കല്ലട്ര അബ്ദുൾ കാദർ ഹാജിയും കെ. എസ്. അബ്ദുല്ല ഹാജിയും വമ്പിച്ച സംഭാവനകൾ നല്കി. അതിന്റെ പേരിൽ ഡയറക്ടർ പദവി ലഭിച്ചെങ്കിലും ചന്ദ്രികയുടെ നയപരമായ കാര്യങ്ങളിൽ അവർ ഇടപെട്ടില്ല. 1960 - 80 കാലഘട്ടത്തിൽ കല്ലട്ര അബ്ദുൾ കാദർ ഹാജി ലീഗിനു താങ്ങും തണലുമായി നിന്നു. സി. എച്ചി. നോടുള്ള അടുപ്പം കാരണം ലീഗ് പിളർപ്പ് കാലത്ത് കല്ലട്ര അബ്ദുൾ കാദർ ഹാജി ഔദ്യോഗിക പക്ഷത്ത് നിലകൊണ്ടു. അതേ സി. എച്ച്. ന്റേയും ബാഫഖി തങ്ങളുടേയും അനുഗ്രഹാശിസ്സുകളോടെ അദ്ദേഹത്തിന്റെ സീമന്തപുത്രൻ കല്ലട്ര മാഹിൻ ലീഗിന്റെ പ്രവർത്തനങ്ങളിൽ സജീവമായി. മറ്റു നേതാക്കളെപ്പോലെ 'കെണിയും വെളവും' ( ഗൂഡ തന്ത്രം) പയറ്റിയിരുന്നെങ്കിൽ ലീഗിന്റെ സംസ്ഥാന നേത്രത്വത്തിന്റെ താക്കോൽ സ്ഥാനത്ത് എത്തേണ്ടിയിരുന്ന കല്ലട്ര മാഹിൻ ഇന്നു കാസർകോട് ജില്ല ഖജാൻജി എന്ന പദവിയിൽ ഒതുങ്ങിക്കഴിയുന്നു. പക്ഷെ, യുവാക്കൾക്ക് കല്ലട്ര മാഹിൻ ഹാജി അവരുടെ 'ചങ്ക് 'ആണു. ലീഗിന്റെ വാർഡ്തല പ്രവർത്തനങ്ങളിൽ പോലും മുണ്ട് മടക്കിക്കുത്തി മാഹിൻ ഹാജി അവരോടൊപ്പമുണ്ടു. കക്ഷി രാഷ്ട്രീയ പരമോ മതപരമോ ആ സംഘർഷ മുഖമാവട്ടെ രംഗം.
” മാഹിൻച്ച ഇവിടെ പ്രശ്നമുണ്ട് ”, എന്ന ഫോൺ കോൾ കേൾക്കേണ്ട താമസം, ഇടംവലം നോക്കാതെ സംഘർഷ സ്ഥലത്ത് മുൻനിരയിൽ മാഹിൻ ഹാജി എത്തിയിരിക്കും. അല്പം ഉയരക്കൂടുതലുള്ള മാഹിൻ ഹാജിയുടെ സാന്നിധ്യം എത്ര ദൂരത്തു നിന്നും മനസ്സിലാക്കാം. ചിലപ്പോൾ ബട്ടൻ സ്ഥാനം തെറ്റി ഇട്ട ഷർട്ടായിരിക്കാം അദ്ദേഹം ധരിച്ചിരിക്കുക. അണികളുടെ കാര്യത്തിൽ ഇത്രയും ഔൽസുക്യം മറ്റൊരു നേതാവും കാണിക്കില്ല. മാഹിൻ ഹാജി അവിടെ എത്തിയാൽ സംഘർഷം പരിഹരിച്ചിരിക്കും
കല്ലട്ര അബ്ദുൾ കാദർ ഹാജിയുടെ കാലം തൊട്ടു തന്നെ അദ്ദേഹത്തിന്റെ കുടുംബ വീടു മതസൗഹാർദ്ദത്തിന്റെ വിളനിലമായിരുന്നു. പതിനെട്ടാം വയസ്സിൽ ജോലിക്ക് കയറി മരണം വരെ ആ കുടുംബത്തിന്റെ ഡ്രൈവറായിരുന്ന കുഞ്ഞിത്തീയൻ, സർക്കാർ ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന നീളപ്പയ്യൻ, കുമാരൻ, കുട്ട്യൻ, ദളിത് വിഭാഗത്തിൽ പെട്ട ചുക്രനും ഭാര്യ മദ്റുവും അവരുടെ കുടുംബവും ആ വലിയ വീട്ടിലെ കുടുംബാംഗങ്ങളെപ്പോലെയാണു ജീവിച്ചിരുന്നത്. ചുക്രന്റെ മകൻ രാഘവൻ കോളേജ് വിദ്യാഭ്യാസം നേടി കാസർകോട് നഗരസഭയിൽ ക്ലർക്കായി താല്ക്കാലിക ജോലി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ആ കുടുംബത്തിന്റെ ബിൽ കലക്ടറായി ജോലി നോക്കുന്നു. രാഘവന്റെ അനന്തിരവൻ മാധവൻ ട്രാക്ടർ ഡ്രൈവറായി ആ കുടുംബത്തോടൊപ്പമുണ്ട്. പോലീസ് സ്റ്റേഷനും കോടതിയും കയറി ഹോമിക്കപ്പെടേണ്ട നിരവധി ജീവിതങ്ങൾ, കല്ലട്ര അബ്ദുൾ കാദർ ഹാജി തുടങ്ങി വെച്ച 'പഞ്ചാത്തിക്ക ' ( ഒത്തുതീർപ്പ് സംഭാഷണം) യിലൂടെ രക്ഷപ്പെട്ടിട്ടുണ്ടു്. അബ്ദുൾ കാദർ ഹാജിയുടെ മരണശേഷം ആ ദൗത്യം ഏറ്റെടുത്ത് നടത്തുന്നത് മകൻ മാഹിൻ ഹാജിയാണു. മാഹിൻ ഹാജി 2000 മുതൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും 2016 മുതൽ പ്രസിഡൻറ് സ്ഥാനവും വഹിക്കുന്ന മേൽപ്പറമ്പു ജമാഅത്ത് നിരാലംബർക്ക് മാസ പെൻഷൻ, രോഗ ചികിത്സ, ഭവന നിർമ്മാണ, വിവാഹ സഹായങ്ങൾ നല്കി വരുന്നു. നിലവിൽ കീഴൂർ സംയുക്ത ജമാഅത്തിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് മാഹിൻ ഹാജി. ഇന്ത്യയുടെ ഏതെങ്കിലും ഒരു കോണിൽ പ്രശ്നത്തിൽ അകപ്പെടുന്ന നിങ്ങൾ, രാത്രി പതിനൊന്നു പന്ത്രണ്ട് മണിക്ക്, അല്ലെങ്കിൽ രാത്രിയുടെ ഏതെങ്കിലും യാമങ്ങളിൽ മാഹിൻ ഹാജിയുടെ നമ്പറിലേക്ക് വിളിക്കുന്നു. മറുതലയിലുള്ള മാഹിൻ ഹാജിയോടു തൊട്ടടുത്തുള്ള പോലീസിന്റെ, വക്കീലിന്റെ, അല്ലെങ്കിൽ പൊതുപ്രവർത്തകന്റെ നമ്പർ നിങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങൾക്ക് നമ്പർ കിട്ടാതിരിക്കില്ല. കാരണം, ആ വീട്ടിൽ പൈലറ്റുണ്ടു, വക്കീലുണ്ടു, ഡോക്ടർ ഉണ്ടു. ഉന്നതങ്ങളിൽ പിടിപാടുള്ള സഹോദരങ്ങൾ പിന്നേയുമുണ്ടു. നിങ്ങൾക്ക് നമ്പർ തന്ന മാഹിൻ ഹാജിയുടെ അതേ ഫോൺ നമ്പറിൽ നിന്നു ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ രാത്രിയുടെ യാമങ്ങളിൽ നിങ്ങൾക്ക് കോൾ വരുന്നു. എന്നിട്ടു ചോദിക്കുന്നു : '' തന്ന നമ്പറിൽ ആളെ കിട്ടിയോ, വേറെ നമ്പർ വേണോ? " അതാണു കല്ലട്ര മാഹിൻ ഹാജി ! അതാണു മിത്രങ്ങളോടുള്ള കരുതൽ ! ആ തിരിച്ചു വിളി ഉണ്ടായപ്പോൾ, താൻ അർദ്ധ രാത്രിയിൽ വിളിച്ചത് മാഹിൻ ഹാജിക്ക് ശല്ല്യമായില്ല എന്ന ആശ്വാസം വിളിച്ചയാളിനും ലഭിക്കുന്നു. .'' ഈ നട്ടപ്പാതിരയ്ക്കാണോ ഫോൺ വിളിക്കാൻ കണ്ടത്... " എന്നു കയർക്കേണ്ട സ്ഥാനത്ത് മാഹിൻ ഹാജിയിൽ നിന്നുണ്ടായത് കരുതൽ ആണു. ഇന്നു സമൂഹത്തിന്നു ആവശ്യം കക്ഷിരാഷ്ട്രീയ ഭേതമെന്യേ സർവ്വരാലും ഇഷ്ടപ്പെടുന്ന മാഹിൻ ഹാജിയെപ്പോലുള്ള നേതാക്കളേയാണു. എല്ലാ മേഘലയിലും ഉന്നതങ്ങളിൽ പിടിപാടുള്ള കല്ലട്ര മാഹിൻ ഹാജിക്ക് കാസർകോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനു വേണ്ടി ജില്ലയിലേക്ക് വിവിധ പദ്ധതികൾ കൊണ്ട് വരാൻ സാധിക്കും. സമ്പാദിക്കാൻ വേണ്ടി ആൾക്കാർ രാഷ്ട്രീയ പാർട്ടികളിൽ ചേക്കേറുന്ന ഈ കെട്ട കാലത്ത്, സമ്പാദ്യങ്ങൾ പാർട്ടിക്ക് നല്കിയ ഒരു കുടുംബത്തിൽ നിന്നു, അണികളോടുള്ള കരുതലിന്റെ പര്യായമായി, സംശുദ്ധിയുള്ള രാഷ്ട്രീയ പ്രവർത്തനവുമായി മുന്നോട്ടു പോകുന്ന കല്ലട്ര മാഹിൻ ഹാജിയെ കേരള നിയമസഭയിലേക്കെത്തിക്കേണ്ടത് ഈ നാട്ടുകാരുടെ ബാധ്യതയാണു. മുസ്ലീം ലീഗ് മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ടെങ്കിൽ വരുന്ന നിയസഭ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ യു. ഡി. എഫ് സ്ഥാനാർത്ഥിയായി കല്ലട്ര മാഹിൻ ഹാജിയെ പ്രഖ്യാപിക്കണം. അങ്ങനെ പ്രഖ്യാപിക്കാതിരിക്കാൻ മാഹിൻ ഹാജി ഒരു തീപ്പൊരി പ്രാസംഗികനല്ല എന്ന ഒരേ ഒരു ന്യൂനത തടസ്സമായി കൊണ്ട് വരരുത്. മുൻ മഞ്ചേശ്വരം എം. എൽ. എ. പി. ബി. റസ്സാക്ക് ചെയ്തതുപോലെ, എം. എൽ. എ. എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ മണ്ഡലത്തിനു വേണ്ടി ചെലവഴിക്കാനും മാഹിൻ ഹാജി തയ്യാറായേക്കാം. കെ. എസ്. അബ്ദുല്ല ഹാജിയോടു, അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കാണിച്ച നെറികേട്, ഷഷ്ടി പൂർത്തി കഴിഞ്ഞ മാഹിൻ ഹാജിയോടു ലീഗു കാണിക്കില്ല എന്നു ഉറച്ചു വിശ്വസിക്കാനാണാഗ്രഹം. മഞ്ചേശ്വരം മണ്ഡലം യുവനേതാവു എ. കെ. എം. അശ്റഫിനു നല്കുക എന്നത് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ട മറ്റൊരു നീതിയാണു. ദലിത് വിഭാഗത്തിൽ പെട്ട രാഘവൻ പറയുന്നു, "ഈ നാടിന്റെ ഉന്നമനത്തിനു മാഹിൻച്ച എം. എൽ. എ. ആയി വരണം എന്നത് എന്റെ ദീർഘ കാലത്തെ സ്വപ്നമാണു. ''
ഡ്രോസർ അബ്ദുല്ലയുടെ
(Fb യിൽ നിന്ന്)

