ആഡംബര കാറുകള്‍, 30 ലക്ഷത്തിന്റെ ടിവി; 30,000 മാസശമ്ബളമുള്ള അസിസ്റ്റന്റ് എഞ്ചിനിയറുടെ വീട്ടിലെ റെയ്ഡില്‍ കണ്ടെടുത്തത് കോടികളുടെ വസ്തുക്കള്‍

ഭോപ്പാല്‍: ആറിലധികം ആഡംബര കാറുള്‍പ്പെടെ 20 വാഹനങ്ങള്‍, 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൃഷിഭൂമി, വിലപിടിപ്പുള്ള ഗിര്‍ ഇനത്തില്‍പ്പെട്ട രണ്ട് ഡസന്‍ കന്നുകാലികള്‍, 30 ലക്ഷം രൂപ വിലയുള്ള 98 ഇഞ്ചിന്റെ ടിവി ….മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ വീട്ടിലെ റെയ്ഡില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകായുക്ത സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ടീം.

ഒരു ദശാബ്ദക്കാലത്തെ ജോലിക്കിടയില്‍ തന്റെയും കുടുംബത്തിന്റെയും പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് 36കാരിയായ ഹേമ സ്വന്തമാക്കിയത്. ആന്റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ 100 നായകള്‍, സമ്ബൂര്‍ണ വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം, മൊബൈല്‍ ജാമറുകള്‍ എന്നിവയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ലോകായുക്ത സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റില്‍ (എസ്പിഇ) നിന്നുള്ള ഒരു സംഘം സോളാര്‍ പാനലുകളുടെ അറ്റകുറ്റപ്പണി ചെയ്യാനെന്ന വ്യാജേനെയാണ് മീണയുടെ ബംഗ്ലാവില്‍ പ്രവേശിച്ചത്. ഒരു ദിവസം കൊണ്ട്, ഏകദേശം 7 കോടി രൂപയുടെ ആസ്തി സംഘം കണ്ടെത്തി. ഇത് മീണയുടെ അറിയപ്പെടുന്ന വരുമാന സ്രോതസ്സുകളെക്കാള്‍ 232 ശതമാനം കൂടുതലാണ്.
പ്രാഥമിക അന്വേഷണത്തില്‍ മീണ തന്റെ പിതാവിന്റെ പേരില്‍ 20,000 ചതുരശ്ര അടി കൃഷിഭൂമി വാങ്ങിയെന്നും പിന്നീട് ഒരു കോടിയോളം രൂപ വിലമതിക്കുന്ന വലിയ വീട് നിര്‍മിച്ചുവെന്നും കണ്ടെത്തി.ആഡംബര വസതിക്ക് പുറമെ റെയ്സന്, വിദിഷ ജില്ലകളിലും എന്‍ജിനീയര്‍ക്ക് ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.മധ്യപ്രദേശ് പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ പ്രോജക്ടുകളില്‍ ഉപയോഗിക്കാനുള്ള സാമഗ്രികള്‍ എഞ്ചിനീയര്‍ തന്റെ വീട് പണിയാന്‍ ഉപയോഗിച്ചതായും കണ്ടെത്തി. കൊയ്ത്തു യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാരിച്ച കാര്‍ഷിക യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ബില്‍ഖിരിയയിലെ മീണയുടെ വസതി ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ തിരച്ചില്‍ നടത്തിയതായി ഭോപ്പാലിലെ ലോകായുക്ത പൊലീസ് സൂപ്രണ്ട് മനു വ്യാസ് എന്‍ഡിടിവിയോട് പറഞ്ഞു.മീണയുടെ ആസ്തി ഏകദേശം 5 മുതല്‍ 7 കോടി രൂപ വരെ വിലമതിക്കുമെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്, തിരച്ചില്‍ തുടരുമ്ബോള്‍ കൂടുതല്‍ കണ്ടെത്താനുള്ള സാധ്യതയുണ്ട്.”ഇതുവരെ പിടിച്ചെടുത്തവയുടെ യഥാര്‍ഥ മൂല്യം നിര്‍ണയിക്കാന്‍ മറ്റ് വകുപ്പുകളില്‍ നിന്നും സഹായം തേടേണ്ടിവരും,” പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വ്യാസ് പറഞ്ഞു.

