സോണിയാ ഗാന്ധി ആശുപത്രിയിൽ: മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ; ഖാർഗെ കൂടിക്കാഴ്ച വൈകും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി (79) ആശുപത്രിയിൽ. ചെറിയൊരു ശസ്ത്രക്രിയക്കായി ഗുരുഗ്രാമിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അവരെ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേത്ര ചികിത്സയുടെ ഭാഗമായാണ് ശസ്ത്രക്രിയ എന്നാണ് വിവരങ്ങൾ.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയായിരുന്നു സോണിയാ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച നീളാനാണ് സാധ്യത
കഴിഞ്ഞ കുറച്ചു കാലങ്ങളായി സോണിയാ ഗാന്ധി വിവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈ വർഷം ജനുവരിയിൽ ശ്വസനതടസത്തെ തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഡൽഹിയിലെ കഠിനമായ തണുപ്പും അന്തരീക്ഷ മലിനീകരണവും കാരണം ആസ്തമ വർദ്ധിച്ചതാണ് അന്ന് ആരോഗ്യനില വഷളാകാൻ കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ വർഷംതന്നെ മാർച്ചിൽ അസ്വസ്ഥതയെത്തുടർന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചിരുന്നു.
അന്ന് മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. 2025-ൽ മാത്രം ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്നും പതിവ് പരിശോധനകൾക്കുമായി മൂന്ന് തവണയെങ്കിലും അവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

