പത്താം ദിവസവും മുഖ്യമന്ത്രി തീരുമാനമായില്ല;
പ്രഖ്യാപനം നാളെയെന്ന് ജയ്റാം രമേശ്; എംഎൽഎമാർക്ക് തലസ്ഥാനത്തെത്താൻ നിർദേശം; നാളെ നിയമസഭാകക്ഷി യോഗം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് എംപിയും എഐസിസി മാധ്യമവിഭാഗം തലവനുമായ ജയ്‌റാം രമേശ്. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ നാളെ രാവിലെ 10 മണിയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിൽ നിർണായക ചർച്ച നടന്നിരുന്നു. ഖാർഗെയുടെ വസതിയിലായിരുന്നു ചർച്ച. പിന്നാലെ, ഖാർഗെയുടെ വീടിനുമുന്നിൽ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെ ജയ്‌റാം രമേശ് കണ്ടു. രാഗുൽ ഗാന്ധിയോ ഖാർഗെയോ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളെല്ലാം ഹൈക്കമാൻഡ് പൂർത്തിയാക്കിയെന്നും പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്നും ജയ്റാം രമേശ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ഖർഗെയും രാഹുലും തമ്മിലുള്ള യോഗം പൂർത്തിയായി അരമണിക്കൂറിനു ശേഷമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകുമെന്ന് ജയറാം രമേശ് പറഞ്ഞത്.
ഇതോടെ, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചെന്നാണ് വിവരം. രാവിലെ 11 മണിയ്ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലായിരിക്കും യോഗമെന്നാണ് അറിയുന്നത്. എല്ലാ എംഎൽഎമാരോടും രാവിലെതന്നെ തിരുവനന്തപുരത്ത് എത്താൻ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

