ജില്ലയിൽ നീന്തൽപരിശീലനത്തിന് വേണ്ട സൗകര്യങ്ങളുടെ അഭാവം പഹരിക്കാൻ
ജില്ലയ്ക്ക് അക്വാട്ടിക് കോംപ്ലക്സും സ്വിമ്മിങ് പൂളും

കാസർകോട്: ജില്ലയിൽ നീന്തൽപരിശീലനത്തിന് വേണ്ട സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജില്ലാ അക്വാട്ടിക് കോംപ്ലക്സിന്റെയും സ്വിമ്മിങ് പൂളിന്റെയും നിർമാണം തുറമുഖ-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാസർകോടിന്റെ വികസനസ്വപ്നങ്ങൾക്ക് നിറംനൽകുന്ന പദ്ധതിക്കാണ് തുടക്കമിടുന്നതെന്നും കോവിഡ് കാലത്ത് മാനസികോല്ലാസം തീരെയില്ലാത്ത യുവാക്കൾക്കും കുട്ടികൾക്കും കായികോല്ലാസത്തിനായി പദ്ധതി ഉപകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷനായി. എച്ച്.എ.എൽ. ഹൈദരാബാദ് ജനറൽ മാനേജർ അരുൺ ജെ. സർക്കേറ്റ് മുഖ്യാതിഥിയായി. കാസർകോട് നഗരസഭാ ചെയർമാൻ വി.എം. മുനീർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി എം.ടി.പി. ശിഹാബുദ്ദീൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.എസ്. സുധീപ് ബോസ്, കളക്ടർ ഡോ. ഡി. സജിത് ബാബു, ഫിനാൻസ് ഓഫീസർ കെ. സതീശൻ എന്നിവർ സംസാരിച്ചു.

