കേരളത്തിൽ കേന്ദ്രമന്ത്രിമാരെയും പ്രധാന നേതാക്കളെയും മത്സരിപ്പിക്കാൻ ബി.ജെ.പി

കൊല്ലം: കേന്ദ്രമന്ത്രിമാരായ വി.മുരളീധരനും രാജീവ് ചന്ദ്രശേഖറും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ബി.ജെ.പി.ക്കുവേണ്ടി ജനവിധി തേടും. ആറ്റിങ്ങലിലാണ് വി.മുരളീധരൻ മത്സരിക്കുക. തിരുവനന്തപുരത്ത് കോൺഗ്രസിൽനിന്ന് ‘സർപ്രൈസ്’ സ്ഥാനാർഥിയെ ബി.ജെ.പി. പ്രതീക്ഷിച്ചിരുന്നു. എം.പി.യായ ഒരു കോൺഗ്രസ് നേതാവ് ബി.ജെ.പി. ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിന്റെ വരവിനെ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖൻ എതിർക്കുന്നതായാണ് വിവരം. ഇതോടെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് സജീവമായത്. കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖർ സാമുദായിക, ആധ്യാത്മിക നേതാക്കളെയും മറ്റും കണ്ടിരുന്നു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ എം.ടി.രമേശ്, സി.കൃഷ്ണകുമാർ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് എന്നിവരെല്ലാം മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ താത്പര്യം. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇടഞ്ഞുനിൽക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് സ്ഥാനാർഥിത്വം നൽകുമെന്നാണ് വിവരം. സ്ഥാനാർഥി സാധ്യതാ പട്ടികയിലുള്ള നേതാക്കളെ അതത് മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കൊല്ലം-കുമ്മനം രാജശേഖരൻ, ബി.ബി.ഗോപകുമാർ, പത്തനംതിട്ട-കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, മാവേലിക്കര-പന്തളം പ്രതാപൻ, ആലപ്പുഴ-ലിഷ രഞ്ജിത്ത് (രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ), ഡോ. കെ.എസ്.രാധാകൃഷ്ണൻ, കോട്ടയം-വിക്ടർ ടി.തോമസ്, എറണാകുളം-അനിൽ ആൻറണി, വിനീത ഹരിഹരൻ, ടി.പി.സിന്ധുമോൾ, ചാലക്കുടി-ജേക്കബ് തോമസ്, എ.എൻ.രാധാകൃഷ്ണൻ, പാലക്കാട്-സി.കൃഷ്ണകുമാർ, ശോഭ സുരേന്ദ്രൻ, സന്ദീപ് വാര്യർ, ആലത്തൂർ-പി.സുധീർ, മലപ്പുറം-എ.പി.അബ്ദുള്ളക്കുട്ടി, പൊന്നാനി-പ്രഫുൽ കൃഷ്ണ, കോഴിക്കോട്-എം.ടി.രമേശ്, വടകര-പ്രകാശ് ബാബു, കണ്ണൂർ-പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, കെ.രഞ്ചിത്ത് കാസർകോട്-പി.കെ.കൃഷ്ണദാസ്, കെ.ശ്രീകാന്ത് എന്നിങ്ങനെയാണ് സാധ്യതാ പട്ടിക. ഇടുക്കി, വയനാട് സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകുമെന്നാണ് സൂചന. സമ്മർദ്ദമുണ്ടായാൽ ചാലക്കുടികൂടി ബി.ഡി.ജെ.എസിന് വിട്ടുകൊടുക്കും

