KSDLIVENEWS

Real news for everyone

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് ബാധിതയായ കാസർകോട് സ്വദേശിനിക്ക് ആംബുലൻസിനുള്ളിൽ സുഖ പ്രസവം.
ആരോഗ്യ പ്രവത്തകരെ അഭിനന്ദിച്ച് മന്ത്രി

SHARE THIS ON

കാസര്‍കോഡ് : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലന്‍സിനുള്ളില്‍ കൊവിഡ്‌ ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസര്‍ഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ 7.23 നാണ് സംഭവം. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഡോക്ടര്‍മാര്‍ റഫര്‍ ചെയ്യുകയായിരുന്നു.
വിവരം ലഭിച്ചത് അനുസരിച്ച്‌ ഉടന്‍ തന്നെ മുള്ളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലന്‍സ്‌ സ്ഥലത്തെത്തി. 108 ആംബുലന്‍സ്‌ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ റോബിന്‍ ജോസഫ്, പൈലറ്റ് ആനന്ദ് ജോണ്‍ എന്നിവര്‍ ഡോക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉടന്‍ തന്നെ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി പരിയാരത്തേക്ക് യാത്ര തിരിച്ചു.
യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. യുവതിയോട് ഒപ്പം ഉണ്ടായിരുന്നവര്‍ വനിതാ നേഴ്‌സിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വഴിയില്‍ നിന്ന് 108 ആംബുലന്‍സിലെ തന്നെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനായ ശ്രീജ എസ്സും ആംബുലന്‍സില്‍ കയറി.
പയ്യന്നൂര്‍ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ശ്രീജ നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കുകയായിരുന്നു. ഇതോടെ ആംബുലന്‍സ്‌ റോഡ് വശത്ത് നിറുത്തിയ ശേഷം എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍മാരായ റോബിന്‍ ജോസഫ്, ശ്രീജ എന്നിവരുടെ പരിചരണത്തില്‍ 8.23ന് യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. ഇതിന് ശേഷം പൈലറ്റ് ആനന്ദ് ജോണ്‍ ഉടന്‍ തന്നെ ആംബുലന്‍സ്‌ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് യുവതി കൊവിഡ്‌ പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ 108 ആംബുലന്‍സ്‌ ജീവനക്കാര്‍ പി.പി.ഈ കിറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കേരളത്തിന് തന്നെ അഭിമാനമായ സേവനം നടത്തിയ ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിദ്ധഘട്ടത്തില്‍ ജീവനക്കാര്‍ നടത്തിയ സേവനം വളരെ വലുതാണ്. കൊവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം സേവനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!