കോഴിക്കോട് കൂട്ട ബലാത്സംഗം ; പീഡനത്തിന് ലഹരിമരുന്ന് പുരട്ടിയ സിഗരറ്റും; അർധരാത്രി പ്രതികൾ വലയിലായത് കാട്ടിൽ

കോഴിക്കോട്: കൊല്ലത്തുനിന്നു സുഹൃത്തിനെ കാണാനായി കോഴിക്കോട് നഗരത്തിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ കൂട്ടപീഡനത്തിനിരയായത് സെപ്റ്റംബർ എട്ടിനു ബുധനാഴ്ച രാത്രി. വെള്ളിയാഴ്ച അർധരാത്രിക്കു മുൻപ് കേസിലെ 4 പ്രതികളും പൊലീസിന്റെ പിടിയിലായി.
ചെന്നൈയിൽ മസാജ് പാർലറിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവതിയെ അത്തോളി സ്വദേശി കെ.എം.അജ്നാസ് (36) രണ്ടു വർഷം മുൻപ് ടിക്ക് ടോക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി സന്ദേശം അയച്ച് ഇരുവരും അടുപ്പത്തിലായി. വിവാഹമോചിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി അജ്നാസ് ക്ഷണിച്ചത് അനുസരിച്ചാണ് സെപ്റ്റംബർ 8നു ബുധനാഴ്ച ട്രെയിനിൽ കോഴിക്കോട് എത്തിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ അജ്നാസും സുഹൃത്ത് എൻ.പി. ഫഹദും (36) ചേർന്നു കാറിൽ ചേവരമ്പലത്തെ ഹോട്ടലിൽ എത്തിച്ചു. അപാർട്ട്മന്റ് മാതൃകയിൽ പണിത ഈ കെട്ടിടം ഓൺലൈൻ റൂം ബുക്കിങ് ഗ്രൂപ്പുകൾ ഏറ്റെടുത്തു ഹോട്ടലായി നടത്തുന്നതാണ്. ഇവിടെ അജ്നാസ് മുറി ബുക്ക് ചെയ്തിരുന്നു.

