KSDLIVENEWS

Real news for everyone

സെഞ്ച്വറിയടിച്ച് ചോറ്, രക്ഷപ്പെട്ട് പഴംപൊരിയും ചായയും; റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി

SHARE THIS ON

പയ്യന്നൂർ: റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില കൂട്ടി. പ്രാതലിനും ഊണിനും ലഘുആഹാരത്തിനും ഇളവില്ല. ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തുടരും. പഴംപൊരി രക്ഷപ്പെട്ടു. 20 രൂപതന്നെ. വെള്ളിയാഴ്ചമുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 20 രൂപയ്ക്ക് കിട്ടില്ല. 25 രൂപ നൽകണം. മസാലദോശക്ക് 30 രൂപയായി. 25 രൂപയായിരുന്നു നിലവിൽ. രണ്ട് സമൂസയ്ക്ക്‌ 30 രൂപ നൽകണം. വെജിറ്റബിൾ സാൻഡിവിച്ച് 30 രൂപയിൽനിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്‌ലെറ്റ് കഴിക്കാൻ 50 രൂപ നൽകണം. നിലവിൽ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച്‌ രൂപ കൂടി. യഥാക്രമം 30, 25 രൂപയായി.

ചോറിനും മീൻകറിക്കും 110 രൂപ നൽകണം. 95 രൂപയായിരുന്നു. രണ്ട് പൊറോട്ടയും കറി അല്ലെങ്കിൽ നാല് ചപ്പാത്തിയും കറിക്കും 10 രൂപ വർധിച്ച് 55 രൂപയായി. ഒരു ചപ്പാത്തിക്ക് അഞ്ച്‌ രൂപയും ഒരു പൊറോട്ടക്ക് 10 രൂപയും തുടരും. മധുവട, മസാലവട, സമൂസ (രണ്ടെണ്ണം) 25 രൂപയിൽനിന്ന് 30 രൂപയായി. ഇടിയപ്പത്തിന് (രണ്ടെണ്ണം) 20 രൂപയും കടലക്കറിക്ക് 45 രൂപയുമായി.

മറ്റു ഇനങ്ങളായ ചിക്കൻ ഫ്രൈഡ് റൈസിന് (200 ഗ്രാം) 105 രൂപയും മുട്ട ഫ്രൈഡ് റൈസിന് (200 ഗ്രാം) 80 രൂപയും വെജ് ഫ്രൈഡ് റൈസിന് (200 ഗ്രാം) 65 രൂപയും ചില്ലിചിക്കന് (100 ഗ്രാം) 125 രൂപയും ഈടാക്കും.

error: Content is protected !!