നിയമസഭാതിരഞ്ഞെടുപ്പുകൾക്ക് ബി.ജെ.പി. ചെലവിട്ടത് 252 കോടി; 60 ശതമാനവും ബംഗാളിൽ

ന്യൂഡൽഹി:ഈവർഷം നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ പ്രചാരണത്തിനും മറ്റുമായി ബി.ജെ.പി. ചെലവിട്ടത് 252 കോടി രൂപ. ഇതിൽ 60 ശതമാനത്തോളം പൊടിച്ചത് തൃണമൂൽ കോൺഗ്രസ് അധികാരത്തിലുള്ള പശ്ചിമബംഗാളിൽ.
തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ച ചെലവുകണക്കിലാണ് ഈ വിവരങ്ങളുള്ളത്. ബംഗാളിനു പുറമേ കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം തിരഞ്ഞെടുപ്പു നടന്നത്. മമതാ ബാനർജിയിൽനിന്ന് അധികാരം പിടിക്കാനായി പൊരിഞ്ഞ പോരാട്ടം കാഴ്ചവെച്ച ബംഗാളിൽ 151 കോടി രൂപയാണ് തങ്ങൾ ചെലവാക്കിയതെന്ന് ബി.ജെ.പി. പറയുന്നു. സംസ്ഥാനത്ത് അധികാരം നിലനിർത്തിയ തൃണമൂൽ കോൺഗ്രസ് ബി.ജെ.പി.യെക്കാൾ അല്പം കൂടുതൽ മാത്രമേ ചെലവിട്ടുള്ളൂ; 154.28 രൂപ.
ഇടതുമുന്നണി അധികാരത്തിലുള്ള കേരളത്തിൽ ബി.ജെ.പി. 29.24 കോടി രൂപ ചെലവാക്കി. എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യത്തിൽ മത്സരിച്ച തമിഴ്നാട്ടിൽ 22.97 കോടിയും പുതുച്ചേരിയിൽ 4.97 കോടിയും പ്രചാരണത്തിനായി വിനിയോഗിച്ചു. ബി.ജെ.പി.ക്ക് ഭരണം ലഭിച്ച അസമിൽ 43.81 കോടി രൂപയും ചെലവിട്ടതായി തിരഞ്ഞെടുപ്പുചെലവു കണക്കുകളിൽ പറയുന്നു.

