KSDLIVENEWS

Real news for everyone

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം.സി.ഖമറുദ്ദീന്റെ ജാമ്യാപേക്ഷ: 26 എണ്ണത്തിൽ ഇന്ന്‌ വിധി പറയും

SHARE THIS ON

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന എം.സി.ഖമറുദ്ദീൻ എം.എൽ.എ. യുടെ ജാമ്യാപേക്ഷയിന്മേൽ ഹൊസ്ദുർഗ്, കാസർകോട് കോടതികൾ വ്യാഴാഴ്ച വിധി പറയും

കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 12 ഹർജികളും ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി 14 ഹർജികളുമാണ് വാദം കേട്ട ശേഷം വിധിപറയാൻ മാറ്റിയത്. കാസർകോട് കോടതിയിലെ 16 കേസുകളിൽ കൂടി വ്യാഴാഴ്ച ജാമ്യഹർജി നൽകുമെന്ന് അഡ്വ. കെ.വിനോദ്കുമാർ പറഞ്ഞു. ഹൊസ്ദുർഗ് കോടതിയിൽ 21 ഹർജികളാണ് നൽകിയിരുന്നത്.

കഴിഞ്ഞദിവസം ഈ കോടതിയിൽനിന്ന്‌ 24 എണ്ണത്തിൽ ജാമ്യം കിട്ടിയിരുന്നു. ബാക്കിയുള്ള എല്ലാ കേസുകളിലും ജാമ്യാപേക്ഷ അടുത്ത ദിവസം നൽകുമെന്ന് അഡ്വ. പി.കെ.ചന്ദ്രശേഖരൻ പറഞ്ഞു. അതിനിടെ കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ഹൊസ്ദുർഗ് കോടതിയിൽ ജാമ്യക്കാരെത്തി. ഖമറുദ്ദീന്റെ ഭാര്യ, സഹോദരൻ, അമ്മാവൻ തുടങ്ങി ആറുപേരായിരുന്നു ജാമ്യക്കാർ. ഒരുകേസിൽ ഒരുലക്ഷം രൂപ മൂല്യമുള്ള സ്വത്ത് കാണിക്കണമെന്നാണ് ജാമ്യവ്യവസ്ഥകളിലൊന്ന്. 24 കേസുണ്ടായിരുന്നതിനാൽ അത്രയും മൂല്യമുള്ള സ്വത്തിന്റെ ഉടമസ്ഥാവകാശം ജാമ്യക്കാർ സത്യവാങ്മൂലമായി നൽകുകയും ചെയ്തു. പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ 24 കേസുകളാണുള്ളത്. ഇത്രയും കേസുകളിന്മേലുള്ള ജാമ്യഹർജി അടുത്തദിവസംതന്നെ നൽകും. 121 കേസുകളിലാണ് ഇനി ജാമ്യം കിട്ടേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!