മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസിനെതിരെ വീണ്ടും കേസ്

കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ വീണ്ടും കേസ്. പീഡനശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. അനീസിനെതിരായ കേസുകളുടെ എണ്ണം നാലായി. ( more case against anez anzare )
കൊച്ചിയില്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരെ ഇന്നലെ ഒരു യുവതി കൂടി പൊലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. വിവാഹ ആവശ്യത്തിന് മേക്കപ്പ് ചെയ്യാന്‍ എത്തിയപ്പോള്‍ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച പരാതി കൈമാറിയിട്ടുണ്ട്.
അതിനിടെ, ഒളിവില്‍ കഴിയുന്ന അനീസ് അന്‍സാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അനീസിന്റെ ബന്ധുക്കളുടെയടക്കം വീടുകളില്‍ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. പ്രത്യേക പൊലീസ് സംഘമാണ് ഇയാള്‍ക്കായി അന്വേഷണം നടത്തുന്നത്. പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അന്‍സാരിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിച്ചിരുന്നു. എന്നാല്‍ രാജ്യം വിട്ടുപോയിട്ടില്ലെന്ന് കൊച്ചി ഡിസിപി 24നോട് പ്രതികരിച്ചു.
കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. 2014 മുതല്‍ അനീസ് അന്‍സാരി മേക്കപ്പ് സ്റ്റുഡിയോയില്‍ പോയി ദുരനുഭവമുണ്ടായ സ്ത്രീകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന് പറച്ചില് നടത്തിയിരിക്കുന്നത്.

