അടുക്കള വാതിൽ പിക്കാസ് ഉപയോഗിച്ച് അടിച്ചു തകർത്തു, മുറ്റത്തു കിടന്ന കാറും കടത്തി; മോഷണം രണ്ടാംതവണ

ഉദുമ ∙ വീട്ടിലെത്തിയ കവർച്ചാ സംഘം മുറ്റത്തു കിടന്ന കാറുമായി കടന്നുകളഞ്ഞു. മുതിയാക്കാലിലെ സുനിൽ കുമാറിന്റെ സുകൃതി എന്ന വീട്ടിലെ കാറാണു മോഷണം പോയത്. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും സംഘം കവർന്നു. 14 ലക്ഷം രൂപ വിലമതിക്കുന്ന കാറാണു മോഷണം പോയത്. വിദേശത്തു കപ്പൽ ജീവനക്കാരനായ സുനിൽകുമാറിന്റെ ഈ വീട്ടിൽ 2017ലും മോഷണം നടന്നിരുന്നു. ശനിയാഴ്ച രാത്രി 7നും ഞായർ രാവിലെ 6നും ഇടയിലാണു മോഷ്ടാക്കളെത്തിയതെന്നാണു കരുതുന്നത്. ഇന്നലെ രാവിലെ ആറരയോടെ വീട്ടുകാരെത്തിയപ്പോളാണു മോഷണവിവരം അറിയുന്നത്.
ഈ വീട്ടിൽ രാത്രി ആരും താമസമില്ല. വീട്ടുടമയായ സുനിലിന്റെ ഭാര്യയും മകനും സമീപത്തുള്ള കുടുംബവീട്ടിലാണു രാത്രിയിൽ കഴിയുന്നത്. വീടിന്റെ അടുക്കളയുടെ വാതിൽ പിക്കാസ് ഉപയോഗിച്ച് അടിച്ചു തകർത്താണു സംഘം വീടിനുള്ളിൽ കടന്നത്. പണമോ മറ്റോ ലഭിക്കാത്തതിനെ തുടർന്നു വീടിനുൾവശം അലങ്കോലമാക്കിയിട്ടുണ്ട്. അലമാരയിലെ വസ്ത്രങ്ങളുൾപ്പെടെ പുറത്തേക്ക് വാരിയിട്ട നിലയിലായിരുന്നു. വാഹനത്തിന്റെ താക്കോൽ വീട്ടിലുണ്ടായിരുന്നു. ഇതുപയോഗിച്ചാണു കാറെടുത്തത്. മോഷണത്തിനു ശേഷം ഗേറ്റും തകർത്തിട്ടുണ്ട്.
സംഭവമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും പൊലീസ് നായയുമെത്തിയിരുന്നു. ബേക്കൽ സിഐ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതേ വീട്ടിൽ നിന്ന് 2017 ഡിസംബർ 22ന് 25 പവൻ ആഭരണങ്ങളും 3000 അമേരിക്കൻ ഡോളറും കവർന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.

