KSDLIVENEWS

Real news for everyone

അബ്ദുൽറഹീമിന്റെ ജയിൽവാസം അവസാനിക്കുന്നു; മോചനം ഉടൻ, കാത്തിരിപ്പോടെ നാട്

SHARE THIS ON

രാമനാട്ടുകര: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽറഹീമിന്റെ ശിക്ഷാകാലാവധി പൂർത്തിയാകുന്നു.

വധശിക്ഷയിൽനിന്ന് നേരത്തേ ഒഴിവാക്കപ്പെട്ട റഹീമിന് കോടതി വിധിച്ച തടവുശിക്ഷ മേയ് മൂന്നാംവാരം അവസാനിക്കുന്നതോടെ, രണ്ടുപതിറ്റാണ്ടിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കാണ് തിരശ്ശീലവീഴുന്നത്. ശിക്ഷാകാലാവധി തീരുന്നമുറയ്ക്ക് ജയിൽമോചനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് റിയാദിൽനിന്നുള്ള സൂചനകൾ.

2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്. എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽനിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു. ഈ തടവ് കാലാവധിയാണ് ഇപ്പോൾ പൂർത്തിയാകുന്നത്.

ഹിജ്‌റ കലണ്ടർ പ്രകാരമുള്ള കണക്കുകൾ പ്രകാരം അറബി മാസം ദുൽഹജ്ജ് മൂന്നിനാണ് ശിക്ഷാകാലാവധി അവസാനിക്കുന്നത്. അത് ഇംഗ്ലീഷ് കലണ്ടർ പ്രകാരം മേയ് ഇരുപതിനോ ഇരുപത്തിയൊന്നിനോ ആയിരിക്കും. മോചനം സംബന്ധിച്ച ഔദ്യോഗിക വിധിന്യായം കോടതിയിൽനിന്ന് ഉടൻ പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, സൗദിയിലെ പെരുന്നാൾ പ്രമാണിച്ച് ഓഫീസുകൾക്ക് അവധിവരുകയാണെങ്കിൽ മോചനതീയതി ദിവസങ്ങൾകൂടി നീണ്ടേക്കുമെന്നാണ് നിയമസഹായ സമിതി അധികൃതർ നൽകുന്ന വിവരം. നീണ്ട 20 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കോടമ്പുഴയിലെ വീട് പ്രാർഥനാനിർഭരമാണ്.

error: Content is protected !!