KSDLIVENEWS

Real news for everyone

നീലേശ്വരം പള്ളിക്കര മേൽപാലം എല്ലാം സജ്ജം; ദേശീയപാത അതോറിറ്റി സന്ദർശനത്തിനായി കാത്തിരിപ്പ്

SHARE THIS ON

നീലേശ്വരം ∙ പണി പൂർത്തിയായ, ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര മേൽപാലം ഒടുവിൽ ഉയർന്ന സുരക്ഷാനിർദേശങ്ങളും നടപ്പാക്കി സജ്ജമായി; ഇനി കാത്തിരിക്കുന്നത് ദേശീയപാത അതോറിറ്റി തിരുവനന്തപുരം റീജനൽ ഓഫിസറുടെ സന്ദർശനത്തിന്. മേൽപാലത്തിലൂടെയുള്ള വാഹന ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനു കഴിഞ്ഞ ദിവസങ്ങളിലായി ഡിവൈഡറിൽ 300 ആന്റി ഗ്ലെയർ സ്ക്രീനുകൾ സ്ഥാപിച്ചു. കൂറ്റൻ ദിശാസൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ, എൻഎച്ച്എഐ റീജനൽ ഓഫിസർ ഈ ആഴ്ച തന്നെ സ്ഥലം സന്ദർശിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ആഴ്ചകൾക്കു മുൻപു തന്നെ മേൽപാലം സന്ദർശിച്ച കലക്ടർ കെ.ഇമ്പശേഖർ ഇദ്ദേഹവുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതേ തുടർന്നു ദേശീയപാത അതോറിറ്റി കൺസൽറ്റൻസിയായ ഫീഡ്ബാക്ക് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രോജക്ട് മാനേജർ ബി.വി.രാമകൃഷ്ണ ജൂൺ 28നു സ്ഥലം സന്ദർശിച്ചു. ഇദ്ദേഹം സന്ദർശനത്തിന്റെ ഫീഡ് ബാക്ക് അയയ്ക്കുകയും ചെയ്തു. മേൽപാലം ഗതാഗതത്തിനു തുറക്കണമെന്ന ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി, മുൻ എംപി പി.കരുണാകരൻ, എം.രാജഗോപാലൻ എംഎൽഎ എന്നിവരും വിവിധ തലങ്ങളിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. അതിനിടെ മേൽപാലം ഉടൻ തുറന്നില്ലെങ്കിൽ ദേശീയപാതയിലെ പള്ളിക്കര റൂട്ടിൽ സർവീസ് ബഹിഷ്കരിക്കാൻ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഹൊസ്ദുർഗ് താലൂക്ക് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തടസ്സങ്ങളെല്ലാം നീങ്ങിയതായി എംപി നീലേശ്വരം ∙ പണി പൂർത്തിയായ പള്ളിക്കര മേൽപാലം ഗതാഗതത്തിനു തുറക്കാനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാര്യങ്ങൾ നേരിട്ടറിയാനായി ഇന്നലെ മേൽപാലം സന്ദർശിച്ച ശേഷമായിരുന്നു എംപിയുടെ പ്രതികരണം.  ആന്റിഗ്ലെയർ സ്ക്രീൻ, ദിശാസൂചന ബോർഡുകൾ എന്നിവ സ്ഥാപിച്ചു. ഫുട് ഓവർ സ്റ്റെപ് അവസാനഘട്ട പണികൾ ഉൾപ്പെടെ പൂർത്തിയായതായി കരാറുകാരൻ അറിയിച്ചതിനെ തുടർന്നായിരുന്നു എംപിയുടെ സന്ദർശനം. എൻഎച്ച്എഐ റീജനൽ ഓഫിസർ അടുത്ത ദിവസം തന്നെ ഔദ്യോഗിക പരിശോധന പൂർത്തിയാക്കുന്നതോടെ മേൽപാലം താൽക്കാലികമായി തുറക്കുമെന്നും എംപി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!