KSDLIVENEWS

Real news for everyone

ചന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം, ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം

SHARE THIS ON

ദില്ലി: ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അര്‍പ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു. ജൂലൈ 14 ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച്‌ ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയര്‍ന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇന്ത്യയുടെ ലാൻഡര്‍ ഇറങ്ങും.

2 ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഫ്രാൻസിലാണ്. ഇന്നലെ ആണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിലേക്ക് തിരിച്ചത്. ഇന്ത്യൻ സമയം നാല് മണിക്ക് പാരീസിലെത്തിയ നരേന്ദ്ര മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചര്‍ച്ച നടത്തി. ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തു. ദില്ലിയിലെ വെളളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതിഗതികളും പ്രധാനമന്ത്രി വിലയിരുത്തി. ഇന്നലെ അമിത് ഷായെയും ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ചാണ് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവല്‍ മക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോണ്‍, കൊട്ടാരത്തില്‍ പ്രത്യേക വിരുന്ന് ഒരുക്കും. പ്രശസ്തമായ ലൂവ് മ്യൂസിയത്തില്‍ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും. ഫ്രാൻസില്‍ നിന്ന് നാവികസേനയ്ക്കായി 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടും. റഫാലിൻ്റെ നിര്‍മ്മാതാക്കളായ ഡാസോ ഏവിയേഷൻ അനില്‍ അംബാനിയുടെ റിലയൻസുമായുള്ള സംയുക്തസംരംഭത്തില്‍ നിന്ന് പിൻമാറും എന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു. ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാൻസില്‍ നിന്ന് തിരിച്ച്‌ വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. 2014 ല്‍ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച സമഗ്ര സാമ്ബത്തിക പങ്കാളിത്ത കരാറിനെ തുടര്‍ന്ന് ഉഭയകക്ഷി വ്യാപാരം ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!